രാഷ്ട്രീയ പ്രവേശനം അടഞ്ഞ അദ്ധ്യായം, മക്കൾ മൻട്രത്തെയും പിരിച്ചുവിട്ടു: നിലപാട് വ്യക്തമാക്കി രജനീകാന്ത്
ചെന്നൈ: തന്റെ രാഷ്ട്രീയ പ്രവേശനം അടഞ്ഞ അദ്ധ്യായമാണെന്ന് സിനിമാതാരം രജനീകാന്ത്. മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇതിനൊപ്പം ആരാധകരുടെ സംഘടനയായ മക്കൾ മൻട്രത്തെ പിരിച്ചുവിടുന്നതായും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഡിസംബറിലാണ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിൽ പിന്മാറുന്നുവെന്ന് അദ്ദേഹം ആദ്യമായി അറിയിച്ചത്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു ഇത്. തുടർന്ന് ഇപ്പോഴാണ് രാഷ്ട്രീയ പ്രവേശനം പൂർണമായും അടഞ്ഞ അദ്ധ്യായമാണെന്ന് അദ്ദേഹം അറിയിച്ചത്.”മക്കൾ മൻട്രം പിരിച്ചുവിടുമെങ്കിലും ഫാൻ ക്ളബ് അസോസിയേഷന്റെ പ്രവർത്തനം തുടരും. മൻട്രത്തിന്റെ ഭാരവാഹികൾ രജനീകാന്ത് ഫാൻ ക്ലബ് അസോസിയേഷന്റെ ഭാഗമായി തുടരും, അവർ പൊതുസേവനത്തിൽ ഏർപ്പെടും,അദ്ദേഹം പറഞ്ഞു. മൻട്രം പ്രവർത്തകരുമായി ചർച്ചചെയ്തശേഷമാണ് അദ്ദേഹം സുപ്രധാന തീരുമാനങ്ങൾ അറിയിച്ചത്.രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശം തമിഴ് രാഷ്ട്രീയത്തിൽ കോളിളക്കമുണ്ടാകുമെന്ന് കരുതിയിരിക്കെയാണ് കഴിഞ്ഞ ഡിസംബറിൽ രാഷ്ട്രീയത്തിലേക്കില്ല എന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. അന്ന് ആരോഗ്യനില മോശമായതിനെത്തുടർന്ന് രജനീകാന്തിനെ സിനിമയുടെ സെറ്റിൽ നിന്ന് നേരത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ശ്രദ്ധവേണമെന്ന് അദ്ദേഹത്തിന് ഡോക്ടർമാർ നിർദേശം നൽകുകയും ചെയ്തിരുന്നു. തുടർന്നാണ് രാഷ്ട്രീയ പ്രവേശനം ഉപേക്ഷിക്കാൻ തീരുമാനിച്ചത്. തന്നെ വിശ്വസിച്ച് രാഷ്ട്രീയത്തിലിറങ്ങുന്നവർ ദുഃഖിക്കാന് ഇടവരരുതെന്നും, വാക്കുപാലിക്കാനാവാത്തതില് കടുത്ത വേദനയുണ്ടെന്നുമാണ് അദ്ദേഹം അന്ന് ട്വിറ്ററിൽ കുറിച്ചത്.തമിഴ്നാട്ടിൽ ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതെന്നാണ് രജനികാന്ത് തുടക്കത്തിൽ പറഞ്ഞിരുന്നത്.. പാർട്ടിയുടെ പേര് മക്കൾ സേവൈ കക്ഷി എന്നും, ചിഹ്നം ഓട്ടോറിക്ഷയായിരിക്കുമെന്നും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ചിഹ്നവും പേരും തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കുകയും ചെയ്തിരുന്നു.