പാലക്കാട്ട് യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തിനായി തെരച്ചിൽ
പാലക്കാട് : തിരുവിഴാംകുന്ന് അമ്പലപ്പാരയില് യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഇരട്ടവാരി പറമ്പൻ സജീർ എന്ന ഫക്രുദീനാണ് (24) മരിച്ചത്. മണ്ണാർക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം.
അമ്പലപ്പാറ ക്ഷേത്രത്തിന് സമീപം പുഴക്ക് അക്കരെയുള്ള തോട്ടത്തിലെ ഷെഡിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മഹേഷിനായി പൊലീസ് തിരച്ചിൽ തുടങ്ങി. താനാണ് സജീറിനെ കൊലപ്പെടുത്തിയതെന്ന് മഹേഷ് സുഹൃത്തിനെ ഫോണിൽ അറിയിച്ചിരുന്നു. താൻ വിഷം കഴിച്ചിട്ടുണ്ടെന്നും മഹേഷ് പറഞ്ഞതായി സുഹൃത്ത് പൊലീസിനോട് പറഞ്ഞു.
ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മണ്ണാർക്കാട്ടേക്ക് മാറ്റും. മഹേഷിനും, സജീറിനുമെതിരെ നേരത്തെ നിരവധി കേസുകൾ ഉണ്ടെന്ന് പൊലീസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.