അര്‍ജന്റീനയുടെ വിജയാഹ്ളാദം; മലപ്പുറത്ത് പടക്കം പൊട്ടിച്ച് രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്
മലപ്പുറം: മലപ്പുറം താനാളൂരില്‍ അര്‍ജന്റീനയുടെ വിജയം ആഘോഷിച്ച് പടക്കം പൊട്ടിച്ച രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്. ഹിജാസ്, സിറാജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. രാവിലെ ഏഴരയോടെ റോഡരുകില്‍ ബൈക്കില്‍ നിര്‍ത്തി പടക്കം പൊട്ടിക്കുക ആയിരുന്നു ഇരുവരും.
ഇവരുടെ കയ്യില്‍ നിന്ന് പൊട്ടിയ പടക്കം, പടക്കം ശേഖരിച്ച പെട്ടിയിലേക്ക് വീണ് വലിയ സ്ഫോടനം ആയി മാറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ചികിത്സ നല്കി. പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
വിഖ്യാതമായ മാരക്കാന സ്റ്റേഡിയത്തില്‍ ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്പിച്ചാണ് ലിയോണല്‍ മെസിയുടെ അര്‍ജന്റീന കപ്പുയര്‍ത്തിയത്. 22-ാം മിനുറ്റില്‍ എഞ്ചല്‍ ഡി മരിയ വിജയഗോള്‍ നേടി. അര്‍ജന്റീന സീനിയര്‍ ടീമില്‍ ലിയോണല്‍ മെസിയുടെ ആദ്യ അന്താരാഷ്ട്ര കിരീടമാണിത്. അര്‍ജന്റീന 1993ന് ശേഷം കിരീടം നേടുന്നത് ഇതാദ്യം എന്ന പ്രത്യേകതയുമുണ്ട്.
കോപ്പയില്‍ അര്‍ജന്റീനയുടെ 15-ാം കിരീടമാണ് ഇന്ന് ഉയര്‍ന്നത്. ഇതോടെ ഉറുഗ്വേയുടെ 15 കിരീട നേട്ടത്തിനൊപ്പമെത്തി മറഡോണയുടെ പിന്മുറക്കാര്. സ്വന്തം നാട്ടില്‍ കിരീടം നിലനിര്‍ത്താനാകാതെ ബ്രസീല്‍ കണ്ണീര് പൊഴിക്കുകയും ചെയ്തു.