‘സ്വാതന്ത്ര്യം തരുമ്പോൾ എന്തും ചെയ്യാമെന്നായോ?’; തോളിൽ കൈവച്ച കോൺഗ്രസ് പ്രവർത്തകന്റെ കരണത്തടിച്ച് ഡി കെ ശിവകുമാർ
മാണ്ഡ്യ: തോളിൽ കൈവയ്ക്കാൻ ശ്രമിച്ച പാർട്ടി പ്രവർത്തകന് നേരെ കയർത്ത് കരണത്തടിച്ച് കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാർ. മാണ്ഡ്യയിൽ വച്ച് ഒരു പാർട്ടി എംപിയെ കണ്ട് മടങ്ങവെ വഴിയിൽ വച്ചാണ് സംഭവം. പ്രവർത്തകർക്കൊപ്പം നടക്കവെ തൊട്ടടുത്ത് നടന്ന പ്രവർത്തകൻ ശിവകുമാറിന്റെ തോളിൽ കൈവച്ചു. ഇതോടെ കോപാകുലനായ ശിവകുമാർ പ്രവർത്തകന്റെ കരണത്തടിച്ചു. ‘ഇതെന്ത് സ്വഭാവമാണ്? ഞാൻ സ്വാതന്ത്ര്യ തരുന്നുണ്ടെന്ന് കരുതി ഇങ്ങനെ എന്തും ചെയ്യാമോ?’ ഡി.കെ ശിവകുമാർ ചോദിച്ചു.സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. പൊതുജീവിതത്തിൽ യാതൊരു മര്യാദയുമില്ലാത്ത ഒരാളാണ് കർണാടകയിൽ കോൺഗ്രസിനെ നയിക്കുന്നതെന്ന് സംഭവത്തെ അപലപിച്ച് ബിജെപി വക്താവ് എസ്.പ്രകാശ് പറഞ്ഞു. സ്വന്തം പാർട്ടി പ്രവർത്തകരോടുളള മോശമായ പെരുമാറ്റ രീതി മാറ്റുന്നതിന് അദ്ദേഹം ഇനിയും തയ്യാറായിട്ടില്ലെന്ന് എസ്.പ്രകാശ് പറഞ്ഞു.