അനുഗ്രഹിച്ചതിന് ദക്ഷിണ നല്‍കിയില്ല; മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ട്രാന്‍സ് ജെന്‍ഡര്‍ യുവതി കൊലപ്പെടുത്തി
നവജാത ശിശുവിനെ അനുഗ്രഹിച്ചതിന് രക്ഷിതാക്കള്‍ ദക്ഷിണ നല്‍കാത്തതില്‍ പ്രകോപിതരായി മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി. ദക്ഷിണ മുംബൈയിലെ അംബേദ്കര്‍ നഗറിലാണ് സംഭവം.
ട്രാന്‍സ് ജെന്‍ഡര്‍ യുവതിയും സുഹൃത്തും ചേര്‍ന്നാണ് നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.
കുഞ്ഞിനെ എടുത്തുകൊണ്ട് പോയത് രക്ഷിതാക്കളും വീട്ടിലുണ്ടായിരുന്ന മറ്റുള്ളവരും കണ്ടില്ല. കഫേ പരേഡിന് സമീപമുള്ള വെള്ളക്കുഴിയില്‍ ഇവര്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ഇടുകയായിരുന്നു.
വ്യാഴാഴ്ച രാത്രിയാണ് കുഞ്ഞിനെ കണ്ട് അനുഗ്രഹിക്കുന്നതിനായി 30 വയസ് പ്രായമുള്ള കന്നു വീട്ടിലെത്തിയത്. അനുഗ്രഹിച്ചതിന് പകരമായി ഹിന്ദു ആചാരപ്രകാരം 1100 രൂപയും സാരിയും ഒരു തേങ്ങയും നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ലോക്ഡൌണ് ആയതിനാല്‍ ജോലിയില്ലെന്നും കയ്യില്‍ പണമില്ലെന്നും സച്ചിന് കന്നുവിനോട് പറഞ്ഞു. എന്നാല്‍ സാരിയും തേങ്ങയും നല്‍കാമെന്നും സച്ചിന് പറഞ്ഞു ഇതോടെ ഇവര്‍ പ്രകോപിതരാവുകയായിരുന്നു.
സച്ചിന്റെ വീടിന് സമീപം തന്നെ താമസിക്കുന്ന കന്നു സുഹൃത്തായ സോനു കേലുവിനോട് സംഭവത്തേക്കുറിച്ച് വിവരിച്ചിരുന്നു. നേരിട്ട അപമാനത്തിന് പ്രതികാരം ചെയ്യാന്‍ കന്നുവിനൊപ്പം സോനുവും ചേരുകയായിരുന്നു.
ശനിയാഴ്ച കുഞ്ഞിനെ കാണാതെ വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.