തിരൂരങ്ങാടി മുനിസിപ്പൽ ബസ് സ്റ്റാൻഡ് ഉടൻ തുറന്നു കൊടുക്കും
തിരൂരങ്ങാടി: ചെമ്മാട് ബ്ലോക്ക് റോഡിൽ അനുവദിച്ച തിരൂരങ്ങാടി മുനിസിപ്പൽ ബസ് സ്റ്റാൻഡ് ഉടൻ തുറന്നു കൊടുക്കുമെന്ന് ചെയർമാൻ കെ.പി മുഹമ്മദ്കുട്ടി പറഞ്ഞു. സ്വകാര്യമേഖലയിൽ അനുവദിച്ച ബസ് സ്റ്റാൻഡ് നിർമ്മാണം പൂർത്തിയായി. ഒരേ സമയം 10 ബസുകൾക്ക് പാർക്ക് ചെയ്യാൻ കഴിയും. ഒന്നര ഏക്കറോളം സ്ഥലത്താണ് ബസ് സ്റ്റാൻഡ്. വിശ്രമമുറി, കംഫർട്ട് റൂമുകൾ, ഡ്രൈനേജ് സൗകര്യം തുടങ്ങി ആധുനിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. യാത്രക്കാർക്ക് ഇത് ആശ്വാസമാകും. ചെമ്മാട് ടൗണിലെ ഗതാഗതകുരുക്കിനും സ്റ്റാൻഡ് വഴി പരിഹാരമാകും. ചെയർമാൻ കെ.പി മുഹമ്മദ്കുട്ടി, ഡെപ്യൂട്ടി ചെയർപേഴ്സൺ സി.പി സുഹ്റാബി, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ഇഖ്ബാൽ കല്ലുങ്ങൽ, സി.പി. ഇസ്മായിൽ, വഹീദ ചെമ്പ, എം.സുജിനി, ഇ.പി ബാവ, സെക്രട്ടറി സതീഷ് കുമാർ തുടങ്ങിയവർ സന്ദർശിച്ചു.