മദ്യലഹരിയില്‍ മകളെ കാലില്‍തൂക്കി നിലത്തടിച്ചു; ഏഴുവയസ്സുകാരി ഗുരുതരാവസ്ഥയില്‍; പിതാവ് കസ്റ്റഡിയില്‍
ആലപ്പുഴ: മദ്യലഹരിയില്‍ പിതാവ് മകളെ കാലില്‍ തൂക്കിനിലത്തടിച്ചു. ആലപ്പുഴ ഹരിപ്പാട് നിന്നാണ് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കിട്ട യുവാവ് ഏഴു വയസ്സുള്ള മകളെ മര്‍ദ്ദിക്കുകയും കാലില്‍ തൂക്കി നിലത്തടിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഹരിപ്പാട് പത്തിയൂര്‍ സ്വദേശി രാജേഷ് ആണ് മകളെ മര്‍ദ്ദിച്ചത്. രാജേഷിനെ കരിയിലകുളങ്ങര പോലീസ് കസ്റ്റഡിയിലെടുത്തു. ആന്തരിക രക്തസ്രാവവും തലയോട്ടിയില്‍ പൊട്ടലും ഉള്‍പ്പെട്ട ഗുരുതരാവസ്ഥയിലായ കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും.
ഇന്നലെ രാത്രിയാണ് സംഭവം. മൂന്നു മക്കല്‍ ഇളയ കുട്ടിക്ക് നേരെയാണ് ആക്രമണം. മദ്യപിച്ചെത്തി രാജേഷ് വീട്ടില്‍ ബഹളമുണ്ടാക്കുന്നത് പതിവായിരുന്നു. കുട്ടികളെ മര്‍ദ്ദിച്ചതിനെതിരെ ഇയാള്‍ക്കെതിരെ മുന്‍പും പരാതിയുണ്ട്. കുട്ടികള്‍ക്ക് ഇയാള്‍ ഭക്ഷണം പോലും നല്‍കാതെ വന്നതോടെ നാട്ടുകാരും പോലീസും ഭക്ഷണം എത്തിക്കുന്ന സാഹചര്യം വരെയുണ്ടായി.