മറ്റുള്ളവയിലേയ്ക്ക് പകരും, ‘ജോണീസ് ഡിസീസ് ‘ ബാധിച്ച ആടുകളെ കൊല്ലാന്‍ നിര്‍ദേശം
കണ്ണൂര്‍: കൊമ്മേരിയിലെ ജില്ലാ പഞ്ചായത്തിന്റെ ഫാമില്‍ 34 ആടുകള്‍ക്ക് ബാക്ടീരിയ പടര്‍ത്തുന്ന ജോണീസ് ഡിസീസ് ബാധിച്ചതിനെത്തുടര്‍ന്ന് ഇവയെ കൊന്നുകളയാന്‍ മൃഗസംരക്ഷണവകുപ്പ് ഡയറക്ടര്‍ നിര്‍ദേശം.
ആകെ 80 ആടുകളാണ് ഫാമില്‍. ഇതില്‍ ഒരു മുട്ടനാടിനും 33 പെണ്ണാടിനുമാണ് രോഗം വന്നത്. കഴുത്തില്‍ ചുവന്ന റിബണ്‍ കെട്ടി ഇവയെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ജില്ലാ രോഗനിയന്ത്രണ ഓഫീസര്‍ കഴിഞ്ഞ മാസം 14-ന് ആടുകളുടെ രക്തം പരിശോധിച്ചിരുന്നു. രോഗം കണ്ടതിനെത്തുടര്‍ന്ന് 22-ന് വീണ്ടും പരിശോധിച്ചു. അതിലും സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് കൊല്ലാന്‍ നിര്‍ദേശിച്ചത്.
എന്നാല്‍ ഇവയെ സംരക്ഷിക്കാന്‍ നടപടിയെടുക്കണമെന്ന് ജില്ലാപഞ്ചായത്ത് യോഗം മൃഗസംരക്ഷണ വകുപ്പിനോട് അഭ്യര്‍ഥിച്ചു.
ബാക്ടീരിയ പരത്തുന്ന രോഗമാണ് ജോണീസ് ഡിസീസ്. പ്രത്യക്ഷത്തില്‍ ലക്ഷണങ്ങളില്ല. രോഗം കലശലായാല്‍ വയറിളക്കം കൂടി ആരോഗ്യം ശോഷിക്കും. മറ്റുള്ളവയിലേക്ക് പകരുമെന്നതിനാലാണ് കൊന്നുകളയാന്‍ നിര്‍ദേശിക്കുന്നത്.