വടക്കഞ്ചേരിയില്‍ വന്‍ കഞ്ചാവ് വേട്ട : 51 കിലോ കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയില്‍
വടക്കഞ്ചേരി: പൂച്ചെടികള്‍ കൊണ്ടു പോകുകയാണെന്ന വ്യാജേന ടോറസ് ലോറിയില്‍ കടത്തി കൊണ്ടു വന്ന 51 കിലോ കഞ്ചാവ് പിടികൂടി. രണ്ടു പേര് അറസ്റ്റില്‍. ലോറിയില്‍ ഉണ്ടായിരുന്ന കൊരട്ടി മുകുന്ദപുരം അനന്തക്കാ സ്വദേശി സുനു ആന്റണി (28), വയനാട് പുല്പള്ളി പാടിചിറ ദേവര്ഗത കളപ്പുരയ്ക്കല്‍ നിഖില്‍ ഉലഹന്നാന് (28) എന്നിവരെയാണ് സംസ്ഥാന എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടിയത്. വടക്കഞ്ചേരി കാരയങ്കാട് ജങ്ഷനു സമീപം ദേശീയപാതയില്‍ വെച്ച് ഇന്നലെ രാവിലെ അഞ്ചു മണിയോടെയാണ് ലോറിയില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്തത്. ലോറിയുടെ ക്യാബിനുള്ളില്‍ ഡ്രൈവറുടെ സീറ്റിനു പുറകില്‍ പ്രത്യേകം തയ്യാറാക്കിയ അറയില്‍ 27 പായ്ക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
ആന്ധ്രാപ്രദേശിലെ രാജമ്യത്തിരി തൂണി എന്ന സ്ഥലത്തു നിന്നുമാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പിടിയിലായവര്‍ പറഞ്ഞു. സംസ്ഥാന എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് തലവന്‍ അനികുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പെരുമ്പാവൂരിലെ ഒരാള്‍ക്ക് വേണ്ടിയാണ് കഞ്ചാവ് കൊണ്ടു വന്നതെന്നാണ് പിടിയിലായവര്‍ പറയുന്നത്. ലോറിയിലെ ചെടികള്‍ മണ്ണുത്തിയിലെ നഴ്സറിയിലേക്കാണെന്നും പറയുന്നു. ആന്ധ്രയില്‍ നിന്നും പെരുമ്പാവൂര്‍ എത്തിച്ചാല്‍ ഇവര്‍ക്ക് 50,000 രുപയാണ് ലഭിക്കുന്നത്. മണ്ണുത്തിയില്‍ ചെടികള്‍ ഇറക്കിയാല്‍ അതിന് വേറെ വാടകയും ലഭിക്കുമെന്ന് പറയുന്നു. പിടികൂടിയ കഞ്ചാവിന് കിലോയ്ക്ക് അരലക്ഷത്തില്‍പരം രൂപ ഉണ്ടാകുമെന്നാണ് അധികൃതര്‍ പറയുന്നത്.
പിടിയിലായ നിഖില്‍ എറണാകുളം തൃപ്പൂണിത്തുറയില്‍ നേരത്തെ രണ്ടു കിലോ കഞ്ചാവ് കാത്തിയ കേസില്‍ പ്രതിയാണ്. സുനു ആന്റണിയാണ് ലോറി ഡ്രൈവര്‍. പിടിച്ചെടുത്ത കഞ്ചാവ് പായ്ക്കറ്റുകളും ലോറിയും പ്രതികളെയും ചെടികളെയും ആലത്തൂര്‍ എക്സൈസ് സര്‍ക്കിള്‍ പാര്‍ട്ടിക്ക് തുടരന്വേഷണത്തിന് കൈമാറി. സംസ്ഥാന എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി. അനികുമാറിനെ കൂടാതെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി. കൃഷ്ണകുമാര്‍, എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ കെ.വി. വിനോദ്, ടി.ആര്. മുകേഷ്കുമാര്‍, എസ്. മധുസൂദനന് നായര്‍, സി. സെന്തില്‍ കുമാര്‍, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ മുസ്തഫ ചോലയില്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിശാഖ്, പി. സുബിന്, എസ്. ഷംനാദ്, ആര്. രാജേഷ്, എം.എം. അരുണ്‍ കുമാര്‍, ബസന്ത് കുമാര്‍, സി.എന്‍. അഖില്‍, മുഹമ്മദ്അലി, എക്സൈസ് ഡ്രൈവര്‍ രാജീവ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് കഞ്ചാവ് പിടികൂടിയത്.