മുസ്ലിംലീഗില്‍ തലമുറ, ശൈലീമാറ്റം ആവശ്യമാണ്;ലീഗിന് പരസ്യവിമര്‍ശവുമായി ജമാഅത്തെ ഇസ്ലാമി
കോഴിക്കോട് : മുസ്ലിംലീഗില്‍ തലമുറ, ശൈലീമാറ്റം ആവശ്യമാണെന്ന് ജമാഅത്തെ ഇസ്ലാമി. ഒരാളുടെ താല്‍പ്പര്യം ഉന്നതാധികാരസമിതി തീരുമാനമാകുന്ന രീതി മാറണം. ലീഗ് എംപിമാര്‍ തികഞ്ഞ പരാജയമാണെന്നും ജമാഅത്തെ ഇസ്ലാമി കുറ്റപ്പെടുത്തി. ജമാഅത്തെ വാരിക ‘പ്രബോധന’ത്തിന്റെ പുതിയ ലക്കത്തിലാണ്- നിയമസഭാ തെരഞ്ഞെടുപ്പിലെ ലീഗ് പരാജയം വിലയിരുത്തിയുള്ള വിമര്‍ശം. തെരഞ്ഞെടുപ്പില്‍ ലീഗിനായി രംഗത്തിറങ്ങിയശേഷമാണ് പരസ്യ വിമര്‍ശനമെന്നതും ശ്രദ്ധേയം.
സംഘടനാപരമായും രാഷ്ട്രീയമായും നയപരമായും ലീഗ് അടിമുടി പൊളിച്ചെഴുതണം. നിലപാടില്ലായ്മ ലീഗിന്റെ തകര്‍ച്ചക്ക് കാരണമായി. മലപ്പുറത്ത് തിരിച്ചടിയുണ്ടായി. ജില്ലയില്‍ എല്‍ഡിഎഫ്, യുഡിഎഫ് വ്യത്യാസം കുറഞ്ഞതിനെപ്പറ്റി ആത്മപരിശോധനക്ക് തയ്യാറാകണമെന്നും ‘മുസ്ലിംലീഗ് വെല്ലുവിളി നേരിടുന്നുവോ’ എന്ന ലേഖനത്തില്‍ ആവശ്യപ്പെടുന്നു.
രാഷ്ട്രീയ-സാമൂഹിക വിഷയങ്ങള്‍ ചടുലതയോടെ അവതരിപ്പിക്കാന്‍ ലീഗ് നേതൃത്വത്തിനാകാറില്ല. പ്രസിഡന്റിനെ മുന്നില്‍ നിര്‍ത്തി അദ്ദേഹം പറയുന്നതിനിടെ സമുന്നത നേതാവ് മൈക്ക് കൈയിലെടുത്ത് എന്തൊക്കെയോ പറഞ്ഞെന്ന് വരുത്തി അവസാനിപ്പിക്കുന്ന ലീഗ് വാര്‍ത്താസമ്മേളനങ്ങളിലെ പതിവുരീതി പരമദയനീയമാണ്.
ലീഗ് എംപിമാര്‍മാര്‍ക്ക് മോഡിയുടെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ ഉറച്ച നിലപാടെടുക്കുന്നതില്‍ വീഴ്ച പാടില്ലെന്നും ലേഖനത്തില്‍ ഉപദേശമുണ്ട്. ലീഗില്‍ ഒരുവിഭാഗം നേതൃത്വത്തിനെതിരെ തിരിഞ്ഞതിന് പിന്നാലെയാണ് ജമാഅത്തെയും രംഗത്തെത്തിയിരിക്കുന്നത്.