തൃശ്ശൂരില്‍ 30 കോടിയുടെ തിമിംഗല ഛര്‍ദ്ദിയുമായി മൂന്ന് പേര് പിടിയില്‍ ; കേരളത്തില്‍ ആദ്യമായാണ് തിമിംഗല ഛര്‍ദ്ദി പിടികൂടുന്നത്
തൃശ്ശൂര്‍ : ചേറ്റുവയില്‍ തിമിംഗല ഛര്‍ദ്ദിയുമായി മൂന്ന് പേര് പിടിയില്‍. വാടാനപ്പള്ളി സ്വദേശി റഫീഖ്, പാലയൂര്‍ സ്വദേശി ഫൈസല്‍, എറണാകുളം സ്വദേശി ഹംസ എന്നിവരാണ് പിടിയിലായത്. കേരളത്തില്‍ ആദ്യമായാണ് തിമിംഗല ഛര്‍ദ്ദി പിടികൂടുന്നത്.
18 കിലോയോളം തൂക്കമുള്ള ഛര്‍ദ്ദിയാണ് പിടിച്ചെടുത്തത്. ഇതിന് വിപണിയില്‍ 30 കോടി വിലവരുമെന്ന് പോലീസ് പറഞ്ഞു. വൈല്‍ഡ് ലൈഫ് കണ്ട്രോള് ബ്യൂറോ നല്കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫോറസ്റ്റ് വിജിലന്‍സ് സംഘമാണ് തിമിംഗല ഛര്‍ദ്ദി പിടികൂടിയത്. കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രതികളെ ചോദ്യം ചെയ്തു വരികയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വിദേശ രാജ്യങ്ങളില്‍ സുഗന്ധ ലേപനങ്ങളിലാണ് തിമിംഗലത്തിന്റെ ഛര്‍ദ്ദി അഥവാ ആംബര്‍ ഗ്രിസ് പ്രധാനമായും ഉപയോഗിക്കുന്നത്. വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ടിന്റെ ഷെഡ്യൂള്‍ രണ്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ വസ്തു കൈവശം വയ്ക്കുന്നത് ശിക്ഷാര്‍ഹമാണ്. അടുത്തിടെയായി ആന്ധ്രാപ്രദേശ്, ബംഗളൂരു എന്നിവടങ്ങളില്‍ നിന്ന് തിമിംഗല ഛര്‍ദ്ദി പിടികൂടിയിട്ടുണ്ട്.