കാളകളെ വാങ്ങാന്‍ പണമില്ല; പെണ്മക്കളുടെ സഹായത്തോടെ നിലമുഴുത് കര്ഷകന്
ബെംഗളൂരു : കാളകളെ വാങ്ങാന്‍ പണമില്ലാത്തതിനെത്തുടര്‍ന്ന് പെണ്മക്കളെ ഉപയോഗിച്ച് നിലമുഴുത് ധാര്‍വാഡിലെ കര്ഷകന്. കലഘട്ടഗി താലൂക്കിലെ മദകിഹൊന്നല്ലി ഗ്രാമത്തിലാണ് കല്ലപ്പ ജാവൂര്‍ എന്ന കര്ഷകന് പെണ്മക്കളുടെ സഹായത്തോടെ നിലമുഴുതത്.
വിദ്യാര്‍ഥിനികളായ മേഘയും സാക്ഷിയും അച്ഛന്റെ സങ്കടം കണ്ടാണ് നിലമുഴാന്‍ സഹായിക്കാന്‍ തീരുമാനിച്ചത്.
കൃഷിയിറക്കേണ്ട സമയമായിട്ടും കാളകളെയോ ട്രാക്ടറോ വാടകയ്ക്കെടുക്കാനുള്ള പണം കല്ലപ്പയുടെ കൈവശമുണ്ടായിരുന്നില്ല. അസുഖങ്ങളെത്തുടര്‍ന്ന് അടുത്തിടെ ശസ്ത്രകിയ കഴിഞ്ഞതിനാല്‍ ഒറ്റയ്ക്ക് നിലമൊരുക്കാനുമായില്ല. മക്കളുടെ നിര്‍ദേശം സ്വീകരിക്കുകയല്ലാതെ കല്ലപ്പയുടെ മുന്നില്‍ മറ്റു മാര്‍ഗങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല.
ഒരാഴ്ചയോളം നീണ്ട പ്രയത്നത്തിലൂടെയാണ് മൂവരും ചേര്‍ന്ന് നിലമുഴുതത്. കംപ്യൂട്ടര്‍ സയന്‍സ് ഡിപ്ലോമ വിദ്യാര്‍ഥിനിയാണ് മൂത്തമകളായ മേഘ. സാക്ഷി പത്താം തരം വിദ്യാര്‍ഥിയും.
വീഡിയോ കണ്ടതോടെ കല്ലപ്പയുടെ കുടുംബത്തെ സഹായിക്കാന്‍ ഒട്ടേറെപ്പേരാണ് എത്തിയത്.