ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറച്ച് കൊണ്ടുവരുന്നതിന് കാഞ്ഞങ്ങാട് കോവിഡ് പരിശോധ കർശനമാക്കി
കാഞ്ഞങ്ങാട്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറച്ച് കൊണ്ടുവരുന്നതിന് കാഞ്ഞങ്ങാട് നഗരസഭയിലെ വിവിധ മേഖലകളിൽ കോവിഡ് പരിശോധനാ ക്യാമ്പുകൾ നടത്താൻ നഗരസഭയിൽ വിളിച്ച് ചേർത്ത സർവ്വകക്ഷി യോഗം തീരുമാനിച്ചു. വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ, മോട്ടോർ വാഹന തൊഴിലാളികൾ, അയ്യങ്കാളി നഗര തൊഴിലുറപ്പ് തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, ചുമട്ട് തൊഴിലാളികൾ, വിദ്യാർത്ഥികൾ, അതിഥി തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർക്കായാണ് പരിശോധന ക്യാമ്പുകൾ നടത്തുന്നത്. നഗരത്തിലെ വ്യാപാരികൾക്കും മോട്ടോർ തൊഴിലാളികൾക്കും, മത്സ്യത്തൊഴിലാളികൾക്കും കോവിഡ് വാക്സിൻ എടുത്ത സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും. ചെമ്മട്ടംവയൽ പ്രീമെട്രിക്ക് ഹോസ്റ്റലിൽ ഡോമിലിസറി കെയർ സെന്റർ പ്രവർത്തനം ആരംഭിക്കും. വിവിധ ചടങ്ങുകൾ സംഘടിപ്പിക്കുമ്പോൾ പങ്കെടുക്കുന്ന ആളുകളുടെ പേരും നെഗറ്റീവ് സർട്ടിഫിക്കറ്റും വെച്ച് നഗരസഭയിൽ രജിസ്റ്റർ ചെയ്യാനും മരണാനന്തര ചടങ്ങുകളിൽ ജാഗ്രതാ സമിതികളുടെ പരിശോധന കർശനമാക്കാനും തീരുമാനിച്ചു.
ചെയർപേഴ്സൺ കെ.വി സുജാത, വൈസ് ചെയർമാൻ അബ്ദുള്ള ബിൽടെക്ക്, വി.വി. രമേശൻ, ടി.കെ രവി, എ ശബരീശൻ, കെ.വി ജയപാലൻ, കെ.പി.ബാലകൃഷ്ണൻ, കെ.കെ ജാഫർ, അബ്ദുൾ മുത്തലീ ബ്, സി.കെ ബാബുരാജ്, സാബു തോമസ്, എച്ച് ആർ ശ്രീധരൻ, എം വിജയൻ, ഹോസ്ദുർഗ് സ്റ്റേഷൻ ഹൗസ് ഓഫീസർ സതീഷ് കെ.പി, നഗരസഭ സെക്രട്ടറി ടി.വി പ്രദീപ് കുമാർ, സ്ഥിരം സമിതി ചെയർമാന്മാരായ സി ജാനകിക്കുട്ടി, കെ.വി സരസ്വതി, കെ. അനീശൻ, കെ.വി മായാകുമാരി എന്നിവർ സംബന്ധിച്ചു.