സ്റ്റാർട്ട് അപ്പ് വില്ലേജ് എൻട്രപ്രണർഷിപ് പ്രോഗ്രാം:നീലേശ്വരം ബ്ലോക്കിൽ ആരംഭിച്ചത് 1223 ചെറുകിട സംരംഭങ്ങൾ
കാസർകോട് : സാധാരണക്കാരനിലെ സംരംഭക നൈപുണ്യത്തെ പ്രോത്സാഹിപ്പിച്ച് സ്റ്റാർട്ട് അപ്പ് വില്ലേജ് എൻട്രപ്രണർഷിപ് പ്രോഗ്രാം (എസ്വിഇപി) നീലേശ്വരം ബ്ലോക്കിൽ പുരോഗമിക്കുന്നു. കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് 1223 ചെറുകിട സംരംഭങ്ങളാണ് ബ്ലോക്കിൽ ആരംഭിച്ചത്. 1488 വനിതകളും 140 പുരുഷൻമാരുമടക്കം 1,628 സംരംഭകരാണ് എസ്വിഇപിയിലുള്ളത്. കൂടാതെ 135 ഗ്രൂപ്പ് സംരംഭങ്ങളുമുണ്ട്. നീലേശ്വരം ബ്ലോക്കിനു കീഴിലെ ചെറുവത്തൂർ, പടന്ന, വലിയപറമ്പ, പിലിക്കോട്, തൃക്കരിപ്പൂർ, കയ്യൂർ-ചീമേനി ഗ്രാമപഞ്ചായത്തുകളിലാണ് എസ്.വി.ഇ.പി നടപ്പിലാക്കുന്നത്.
2018ൽ ആരംഭിച്ച പദ്ധതി ഗ്രാമീണ ജനവിഭാഗങ്ങളെ. പ്രത്യേകിച്ച് പാർശ്വവത്കരിക്കപ്പെട്ടവരെയും സ്ത്രീകളേയും പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളേയും സ്വാശ്രയത്വത്തിലേക്ക് നയിക്കാനാണ് ലക്ഷ്യമിടുന്നത്. ജില്ലയിൽ ആദ്യമായി കുടുംബശ്രീ മൈക്രോ സംരംഭ സംവിധാനത്തിലൂടെ ഒരു സംരംഭക ഹബ് നീലേശ്വരം ബ്ലോക്കിൽ എസ്വിഇപിയിലൂടെ സാധ്യമായി. സംരംഭകത്വ അഭിരുചിയുള്ള സാധാരണക്കാരെ സംരംഭം തുടങ്ങാൻ പ്രോത്സാഹിപ്പിച്ചും സഹായിച്ചും മുഖ്യധാരയിലെത്തിക്കാനും ജീവിത നിലവാരം മെച്ചപ്പെടുത്താനും എസ്വിപിയിലൂടെ സാധിച്ചുവെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ടി ടി സുരേന്ദ്രൻ പറഞ്ഞു.
നൈപുണ്യ പരിശീലനം
സംരംഭം ആരംഭിക്കുന്നതിന് മുമ്പായി മൊബിലൈസേഷൻ, ജനറൽ ഓറിയന്റേഷൻ ട്രെയിനിങ്, എൻട്രപ്രണർഷിപ് ഡെവലപ്മെന്റ് പ്രോഗ്രാം എന്നീ ഘട്ടങ്ങൾ പൂർത്തീകരിച്ച വ്യക്തികൾക്ക് ആവശ്യമായ നൈപുണ്യ പരിശീലനം നൽകുന്നു. 2020-21 സാമ്പത്തികവർഷം 124 വ്യക്തികൾക്ക് കേക്ക് മേക്കിങ്, ബേക്കറി ഐറ്റംസ് മേക്കിങ്, മാസ്ക് നിർമാണം, പപ്പട നിർമാണം, അച്ചാർ നിർമാണം, ടെയ്ലറിങ് ആന്റ് ഫാഷൻ ഡിസൈനിങ് എന്നീ മേഖലകളിൽ നൈപുണ്യ പരിശീലനം നൽകി സംരംഭം ആരംഭിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോവിഡ് കാലഘട്ടത്തിൽ എസ്.വി.ഇ.പി പദ്ധതിയുടെ ഭാഗമായി ഒരു തനത് ഓൺലൈൻ ക്യാമ്പയ്ൻ- ഡീകോഡ് എസ്.വി.ഇ.പി ക്യാമ്പയ്ൻ സംഘടിപ്പിച്ചു. ഓൺലൈൻ ക്വിസ് മത്സര മോഡലിൽ നടത്തിയ ക്യാമ്പയ്നിൽ പങ്കെടുത്തു വിജയിച്ച 26 അംഗങ്ങൾക്ക് എസ്.വി.ഇ.പി പദ്ധതിയുടെ ഭാഗമായി സംരംഭം തുടങ്ങാൻ ആവശ്യമായ എല്ലാ സഹായങ്ങളും നൽകി സംരംഭങ്ങൾ വിജയകരമായി തുടങ്ങി.
വിപണന മേള
2020-21 സാമ്പത്തികവർഷം മാസചന്ത, ഓണചന്ത, ക്രിസ്മസ് ഫെയർ ആന്റ് ന്യൂ ഇയർ ഫെയർ എന്നിങ്ങനെ നാല് വിപണന മേളകളാണ് സംഘടിപ്പിച്ചത്. 80 ൽ അധികം സംരംഭകർ പങ്കെടുത്ത വിപണനമേളകളിൽ ഏഴ് ലക്ഷം രൂപയ്ക്ക് മുകളിൽ വിറ്റുവരവും ലഭിച്ചു. എസ്.വി.ഇ.പി പദ്ധതിയുടെ വിവിധ സംരംഭങ്ങൾ നിർമിച്ച പുട്ടു പൊടി, മല്ലിപ്പൊടി, പത്തിരിപ്പൊടി, ചിക്കൻ മസാല, സാമ്പാർ പൊടി, മഞ്ഞൾപ്പൊടി, പപ്പടം, മുളകുപൊടി, മാസ്ക്, ഹാൻഡ് വാഷ്, ഫ്ളോർ ക്ലീനർ, സോപ്പ്, ലഘുഭക്ഷണം, തേൻ, മെഴുകുതിരി, നെയ്യ്, അച്ചാർ, പുളി മുതലായ ഉൽപ്പന്നങ്ങൾ ഈ മേളകളിലൂടെ വിറ്റഴിച്ചു.
കെ ശ്രീ മാസ്ക്
കോവിഡ് പ്രധിരോധനത്തിന്റെ ഭാഗമായി കെ ശ്രീ മാസ്കും വിപണിയിൽ എത്തിച്ചു. കാസർകോട് ജില്ലാ മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന തയ്യൽ യൂനിറ്റുകളെ ഉൾക്കൊള്ളിച്ചുകൊണ്ടാണ് കെ ശ്രീ മാസ്ക് എന്ന പേരിൽ ബ്രാന്റിങ്ങോടുകൂടി മാസ്ക്കുകൾ നിർമ്മിച്ചത്. എസ്.വി.ഇ.പി പദ്ധതിയുടെ ഭാഗമായ 13 യൂണിറ്റുകൾ ഈ പദ്ധതിയിയുടെ ഭാഗമായി പ്രവർത്തിച്ചു. ഈ യൂണിറ്റുകൾ വഴി മാത്രം 14,000ൽ പരം മാസ്ക്കുകൾ തയ്ച്ചു നൽകുകയും 3.5 ലക്ഷം രൂപയിൽ കൂടുതൽ വിറ്റുവരവ് നേടുകയും ചെയ്തു.
ജനകീയ ഭക്ഷണശാല
പൊതുജനങ്ങൾക്ക് മിതമായ നിരക്കിൽ (20 രൂപ) ഉച്ചയൂണ് ലഭ്യമാക്കുക എന്ന ഉദ്ദേശ്യലക്ഷ്യത്തോടെ ആരംഭിച്ച കേരള സർക്കാരിന്റെ തനത് പദ്ധതിയായ ജനകീയ ഭക്ഷണശാലയും നീലേശ്വരം ബ്ലോക്കിനു കീഴിൽ എസ്.വി.ഇ.പി പദ്ധതിയുടെ ഭാഗമായി ആരംഭിച്ച യൂണിറ്റുകളാണ്. തൃക്കരിപ്പൂർ, പടന്ന, ചെറുവത്തൂർ എന്നീ മൂന്ന് ഗ്രാമപഞ്ചായത്തുകളിലാണ് ജനകീയ ഭക്ഷണശാല പ്രവർത്തിക്കുന്നത്.
കെ ശ്രീ പപ്പടം
ഒരു ജില്ല ഒരു ഉൽപ്പന്നം (ഒ.ഡി.ഒ.പി) പദ്ധതിയുടെ ഭാഗമായി കയ്യൂർ-ചീമേനി ഗ്രാമപഞ്ചായത്തിൽ 16 എസ്.വി.ഇ.പി പദ്ധതി ഗുണഭോക്താക്കൾ അടങ്ങുന്ന നാല് യൂണിറ്റുകൾ ചേർന്ന ഒരു പപ്പട നിർമാണ ക്ലസ്റ്റർ രൂപീകരിച്ചു. ഈ യൂണിറ്റുകൾക്ക് ഡയറക്ടറേറ്റ് ഓഫ് ഇൻഡസ്ടറി ആന്റ് കോമേഴ്സിന്റെ ഇ.എസ്.എസ്.എ സ്കീം വഴിയും എസ്.വി.ഇ.പിയുടെ സി.ഇ.എഫ് വഴിയും ഫണ്ടുകൾ ലഭ്യമാക്കി. എട്ട് ലക്ഷത്തോളം രൂപയുടെ മൂല്യമുള്ള യന്ത്രസാമഗ്രികളാണ് ഈ ക്ലസ്റ്ററിന്റെ പ്രവർത്തനത്തിനായി വാങ്ങിയത്
കരുതൽ ക്യാമ്പയ്ൻ