സുഭിക്ഷ കേരളം; കാസർകോടിന്റേത് കൂട്ടായ്മയുടെ നേട്ടം
കാസർകോട് : കോവിഡ് മഹാമാരിയുടെ കടന്നു വരവോടെ നിലച്ചു പോയ ജനജീവിതത്തെ ഊർജ്ജസ്വലമാക്കാനും നാളേക്കുള്ള കരുതലിനായി ജനങ്ങളെ കൃഷിയിലേക്ക് ആകർഷിക്കാനുമായാണ് സംസ്ഥാന സർക്കാർ സുഭിക്ഷ കേരളം പദ്ധതി ആവിഷ്ക്കരിച്ചത്. സംസഥാനത്ത് ഏറ്റവും അധികം തരിശ് ഭൂമി കൃഷിയോഗ്യമാക്കിയ ജില്ലയായി കാസർകോട് തെരഞ്ഞെടുക്കപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി പ്രഖ്യാപിച്ചതിന്റെ അടുത്ത ദിവസം തന്നെ കൃഷി ശാസ്ത്രജ്ഞൻ കൂടിയായ ജില്ലാ കളക്ടർ ഡോ.ഡി സജിത് ബാബുവിന്റെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ ജനപ്രതിനിധികളുടെയും യോഗം ചേർന്നു. യോഗത്തിൽ ജില്ലാ കളക്ടർ പുതിയ ഭൂമി പുതിയ കർഷകർ എന്ന മുദ്രാവാക്യം ഉയർത്തി. കാർഷിക മേഖലയിൽ പുതിയൊരു ആശയം കളക്ടർ പരിചയപ്പെടുത്തി. തുടർന്ന് യുവാക്കളെയും കോവിഡിൽ തൊഴിൽ നഷ്ടപ്പെട്ടവരെയും വിദേശ രാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തിയവരെയുമെല്ലാം കൃഷിയിലേക്ക് ആകർഷിക്കാനുള്ള പ്രവർത്തനം ആരംഭിച്ചു. കൃഷി, മൃഗസംരക്ഷണം, ഫിഷറീസ്, ക്ഷീര വികസനം തുടങ്ങി വിവിധ മേഖലകളിൽ വ്യത്യസ്തമായ ഇടപെടലുകൾ നടത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും സഹകരണ ബാങ്കുകളുടേയും മറ്റ് സർക്കാർ വകുപ്പുകളുടയും ജനകീയ കൂട്ടായ്മകളുടേയും പ്രവർത്തനം സുഭിക്ഷ കേരളം പദ്ധതിയിൽ ഉറപ്പാക്കി.
പദ്ധതി പ്രവർത്തനം കൃത്യതയോടെ മോണിറ്റർ ചെയ്യാൻ മറ്റ് ജില്ലകളിൽ നിന്ന് വ്യത്യസ്തമായി ജില്ലാ തലത്തിൽ കോർ കമ്മറ്റി രൂപീകരിച്ചു. ഈ കോർ കമ്മറ്റികൾ 27 തവണ യോഗം ചേർന്നു. കളക്ടർ അധ്യക്ഷനായ കോർ കമ്മറ്റി യോഗത്തിൽ പദ്ധതി നടത്തിപ്പിനുള്ള തടസ്സങ്ങൾ, തരിശ് ഭൂമി കണ്ടെത്തൽ പുരോഗതി, വിപണി കണ്ടെത്തൽ തുടങ്ങി വിവിധങ്ങളായ വിഷയങ്ങൾ ചർച്ച ചെയ്തു.
കൃഷി വകുപ്പ്, മൃഗസംരക്ഷണം, ക്ഷീരം, മത്സ്യ വികസനം, സഹകരണം, ജില്ലയിലെ ഗവേഷണ സ്ഥാപനങ്ങൾ, കാർഷിക കോളേജ്, ജലവിഭവം, മണ്ണ് സംരക്ഷണം, സ്റ്റാറ്റിസ്റ്റിക്സ്, ജില്ലാ വ്യവസായ കേന്ദ്രം, മഹാത്മാഗാന്ധിഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, .ഹരിതകേരള മിഷൻ തുടങ്ങിയ സർക്കാർ സംവിധാനങ്ങളോടൊപ്പം കേന്ദ്ര തോട്ട വിള ഗവേഷണ കേന്ദ്രത്തിന്റെ സഹായങ്ങളും ഉപയോഗപ്പെടുത്തി. ഇത്രമാത്രം വകുപ്പുകളുടെ കൂട്ടായ പ്രവർത്തനം ഉൽപാദന മേഖലയിൽ ഇതിന് മുൻപ് കാസർകോട് പരിചയിച്ചിട്ടില്ല.
ജന പ്രതിനിധികളും സന്നദ്ധ സംഘടനകളും വിദ്യാർത്ഥികളുമെല്ലാം ചേർന്ന് ജനകീയ തലവും ശക്തമായി. കൂട്ടായ്മയുടെയും സംഘ ബോധത്തിന്റെയും പുതിയ കാഴ്ചകളാണ് പിന്നീട് കണ്ടത്. നൂതന സാങ്കേതിക വിദ്യകളുടെ കൃത്യമായ ഉപയോഗം പദ്ധതി നടത്തിപ്പിന് വേഗത നൽകി. ഭൂമി തരിശുഭൂമി അപ് ലോഡ് ചെയ്യാൻ പ്രത്യേക ആപ്പ്, ഹരിത കേരളം മിഷന്റെ ഹരിതസമൃദ്ധി ആപ്പ്, ഓൺലൈൻ മാർക്കറ്റിങ്, അങ്ങനെ ഒട്ടനവധി സംവിധാനങ്ങളാണ് ഉപയോഗപ്പെടുത്തിയത്.
ഹോൾസെയിൽ മാർക്കറ്റ് എന്ന ആശയം നടപ്പാക്കി വരികയാണ്. കാസർഗോഡ് കുള്ളൻ പശുക്കളുടെ വികസനവുമായി ബന്ധപ്പെട് സെൻട്രൽ ഗോവാസ്ത പദ്ധതികളുടെ സഹായത്തിനു വേണ്ടി പ്രൊജക്ട് സമർപ്പിച്ചു ഫാമേർസ് പ്രൊഡ്യൂസിംഗ് കമ്പനി ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഇതിനകം നടന്നു. . ജില്ലാ കളക്ടറുടെ കാഴ്ചപ്പാട്, മേൽനോട്ടം, ഏകോപനം എല്ലാം പദ്ധതി നടത്തിപ്പ് കാര്യക്ഷമവും വേഗത്തിലുമാക്കാൻ സഹായിച്ചു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കേരളത്തിൽ ഏറ്റവും കൂടുതൽ തരിശുഭൂമി കൃഷി ചെയ്ത ജില്ല എന്ന പദവി ജില്ല നേടിയെടുത്തത് വിശ്രമമില്ലാത്ത പ്രവർത്തനങ്ങളിലൂടെയാണെന്ന് ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ എം.പി.സുബ്രഹ്മണ്യൻ പറഞ്ഞു.