മഞ്ചേശ്വരം : മംഗ്ളൂരു-കൊട്ടാരക്കര റൂട്ടിലോടുന്ന കെ.എസ്.ആര്.ടി.സി ബസില്‍ കടത്തി കൊണ്ടുവന്ന 200 കിലോ പുകയില ഉല്‍പ്പന്നങ്ങളുമായി മൂന്നുപേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശികളായ സുനില്‍ ചൗഹാന്, സുജിത്ത് രാം, സഞ്ജയ് എന്നിവരാണ് ഇന്നു പുലര്‍ച്ചെ വാമഞ്ചൂര്‍ എക്സൈസ് ചെക്ക് പോസ്റ്റില്‍ അറസ്റ്റിലായത്.
ഒന്നര മണിയോടെ എത്തിയ ബസില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ സച്ചിന്, രാജീവന്, ജാസ്മിന് സേവ്യര്‍, വിജയ് എന്നിവര്‍ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ബാഗുകളില്‍ നിറച്ച ശേഷം സീറ്റുകള്‍ക്ക് അടിയിലാണ് ഇവ സൂക്ഷിച്ചിരുന്നത്.
മിനിഞ്ഞാന്ന് പുലര്‍ച്ചെ സ്വകാര്യ ബസില്‍ കടത്തിക്കൊണ്ടുവന്ന 500 കിലോ പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ടുപേരെ എക്സൈസ് സംഘം അറസ്റ്റു ചെയ്തിരുന്നു. അതിനു തൊട്ടു മുമ്പുള്ള ദിവസങ്ങളിലായി 300, കിലോ, 200 കിലോ പുകയില ഉല്‍പ്പന്നങ്ങളും പിടികൂടിയിരുന്നു. രണ്ടാഴ്ചക്കുള്ളില്‍ മാത്രം 1200 കിലോയാണ് പിടിയിലായത്.അധികൃതരുടെ കണ്ണു വെട്ടിച്ചു കൊണ്ടുപോയത് വേറെയും ഉണ്ടാകും. ട്രയിനുകളില്‍ പുകയില ഉല്‍പ്പന്ന കടത്തിനെതിരെ വ്യാപക പരിശോധന ആരംഭിച്ചതോടെയാണ് രാത്രികാലത്തു സര്‍വ്വീസ് നടത്തുന്ന ബസ്സുകളിലേയ്ക്ക് കടത്തുകാര്‍ ചുവടു മാറ്റിയതെന്നു സംശയിക്കുന്നു.