കുപ്പിക്കകത്ത് കഞ്ചാവ് നിറച്ച് പെൺകുട്ടികളെ വലിപ്പിക്കും തുടർന്ന് പീഡിപ്പിക്കും, ബ്ലേഡ് കൊണ്ട് വരയും, പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ.
കൂറ്റനാട്: തിരുമിറ്റക്കോട് കറുകപുത്തൂരിൽ പെൺകുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. മൂന്നാം പ്രതി മേഴത്തൂർ പുല്ലാണി പറമ്പിൽ അഭിലാഷ്, രണ്ടാം പ്രതി ചാത്തന്നൂർ അത്താണി പറമ്പിൽ നൗഫൽ (പുലി), പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്തായ കറുകപുത്തൂർ സ്വദേശി മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. അഭിലാഷിനെതിരെ ബലാത്സംഗക്കുറ്റവും നൗഫലിനെതിരെ പോക്സോ കേസുമാണ് ചുമത്തിയിട്ടുള്ളത്. പ്രതികളെ വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കി. കേസിലെ മറ്റു പ്രതികൾക്കായി അന്വഷണം തുടരുന്നു.അതേസമയം തന്റെ സൗഹൃദത്തിലുളള രണ്ട് പെൺകുട്ടികൾ കൂടി റാക്കറ്റിന്റെ വലയിൽപ്പെട്ടതായി സംശയിക്കുന്നതായി കറുകപുത്തൂർ പീഡനത്തിൽ ഇരയാക്കപ്പെട്ട പെൺകുട്ടി മൊഴിയെടുപ്പിനിടെ അന്വേഷണ സംഘത്തോട് പറഞ്ഞു. നിരന്തരമായ ഭീഷണികളെ തുടർന്നാണ് സമ്മർദ്ദം സഹിക്കാനാകാതെ ലഹരി വസ്തുക്കൾ ഉപയോഗിച്ച് തുടങ്ങിയതെന്നും പെൺകുട്ടി പറഞ്ഞു.പെൺകുട്ടികളെ കൊണ്ട് ബിയർ കുപ്പിക്കകത്ത് കഞ്ചാവ് നിറച്ച് വലിപ്പിക്കുകയും തുടർന്ന് ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്യുന്നതാണ് സംഘത്തിന്റെ രീതി. ലോഡ്ജുകളിൽ റൂമെടുത്ത് അവിടെ വച്ചാണ് പെൺകുട്ടികൾക്ക് ലഹരി ഉപയോഗത്തിൽ പരിശീലനം നടത്തുന്നത്. വലിയ സംഘം പിന്നിലുണ്ടെന്നാണ് സൂചന. ഇവർ പെൺകുട്ടികളെ ഭീഷണിപ്പെടുത്തി വലയിലാക്കുകയാണ് ആദ്യം ചെയ്യുന്നത്. വീട്ടിനുള്ളിൽ കാമറ വച്ചിട്ടുണ്ടെന്നും.നഗ്ന ദൃശ്യങ്ങൾ തങ്ങളുടെ കൈയ്യിലുണ്ടെന്നും പറഞ്ഞാണ് ഭീഷണിപ്പെടുത്തുക. തുടർന്ന് ലഹരി ഉപയോഗിക്കാൻ നിർബന്ധിക്കും. വഴങ്ങിയില്ലെങ്കിൽ മാനസിക സമ്മർദ്ദം ഉണ്ടാക്കും. തുടർന്ന് പെൺകുട്ടികൾക്ക് ലഹരി മരുന്നുകൾ കൈമാറും.കൈയിൽ ബ്ലേഡ് കൊണ്ട് വരഞ്ഞ് മുറിവുണ്ടാക്കുകയും അതുവഴി ലഹരി ശരീരത്തിലേക്ക് കയറ്റുകയുമാണ് രീതി. തന്റെ കൂട്ടുകാരായ 18 വയസിൽ താഴെയുള്ള പെൺകുട്ടികൾ ഈ സംഘത്തിന് ഇരയായിട്ടുണ്ടെന്നും പരാതി നൽകിയ പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. ലഹരി ഉപയോഗത്തിന് അടിമയായ പെൺകുട്ടികളെ പിന്നീട് ലൈംഗികമായി പീഡിപ്പിക്കുകയാണ് ചെയ്യുന്നത്.സമൂഹ മാദ്ധ്യമങ്ങളിലൂടെ പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിക്കുകയും സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കി മാനസിക സമ്മർദ്ദത്തിലാക്കി ലഹരി ഉപയോഗിക്കാൻ നിർബന്ധിക്കുന്നതാണ് സംഘത്തിന്റെ ശൈലി. ലഹരി മാഫിയയുടെ വലയിൽ സമീപ പ്രദേശങ്ങളിലുള്ള കൂടുതൽ പെൺകുട്ടികൾ ഉൾപ്പെട്ടിട്ടുണ്ടാകാം എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.