അണക്കപ്പാറയിൽ വ്യാജകള്ള് നിർമ്മാണ കേന്ദ്രം പ്രവർത്തിച്ചിരുന്നത് എക്സൈസ് ഒാഫീസിന്റെ മൂക്കിന് താഴെ,രാഷ്ട്രീയ – ഉദ്യോഗസ്ഥ ആശീർവാദം, ഷാപ്പുകളിൽ വ്യാജൻ നുരയുന്നു
വടക്കഞ്ചേരി :അണക്കപ്പാറയിലെ വ്യാജ കള്ള് നിർമ്മാണ കേന്ദ്രത്തിൽ നിന്ന് പിടികൂടിയ സ്പിരിറ്റ് വ ടക്കഞ്ചേരി അണക്കപ്പാറയിൽ വ്യാജകള്ള് നിർമ്മാണ കേന്ദ്രം പ്രവർത്തിച്ചിരുന്നത് എക്സൈസ് ഒാഫീസിന്റെ മൂക്കിന് താഴെയായിരുന്നു. വർഷങ്ങളായി ഇൗ കേന്ദ്രത്തിൽ സ്പിരിറ്റ് എത്തുകയും അത് വ്യാജക്കള്ളായി ഷാപ്പുകളിലേക്ക് ഒഴുകുകയും ചെയ്തിട്ടും നമ്മുടെ എക്സൈസ് ഉദ്യോഗസ്ഥർ കണ്ണടച്ചു. തിരുവനന്തപുരത്തുനിന്ന് എൻഫോഴ്സ്മെന്റ് സ്ക്വാഡ് രഹസ്യമായെത്തി നടത്തിയ പരിശോധനിലാണ് വ്യാജക്കള്ള് പിടികൂടിയത്. ജില്ലയിലെ എക്സൈസ് സംഘങ്ങൾ കഴിഞ്ഞ രണ്ടുവർഷത്തിനിടെ സ്പിരിറ്റും കഞ്ചാവും അടക്കം നിരവധി കേസുകൾ പിടികൂടിയിട്ടുണ്ടെങ്കിലും ചെത്തുകള്ളിന് പകരം ഷാപ്പുകളിലേക്കെത്തുന്ന വ്യാജമദ്യത്തിന്റെ ഒഴുക്ക് തടയാൻ കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. മദ്യമാഫിയയ്ക്ക് രാഷ്ട്രീയ – ഉദ്യോഗസ്ഥ ലോബിയുടെ അളവറ്റ സഹായങ്ങളുള്ളതിനാൽ ഷാപ്പുകളിൽ ഇനിയും വ്യാജൻ നുരയുമെന്ന് ഉറപ്പാണ്.നിയമപ്രകാരം പനയിൽനിന്നും തെങ്ങിൽനിന്നും ചെത്തിയ കള്ള് മാത്രമേ, ലൈസൻസികൾക്ക് ഷാപ്പുകളിലൂടെ വിൽക്കാൻ അനുവാദമുള്ളൂ. ചെത്തുന്ന തെങ്ങുകളുടെ എണ്ണം കുറഞ്ഞു വരുന്നതിനാൽ വില്പനയ്ക്കെത്തുന്ന കള്ളിന്റെ അളവും കുറഞ്ഞു. എന്നാൽ, പാലക്കാട് നിന്ന് കേരളത്തിന്റെ വിവിധ ജില്ലകളിലേക്ക് ഒഴുകുന്ന കള്ളിന്റെ അളവിൽ വ്യത്യാസം വന്നിട്ടില്ലെന്നത് പ്രശ്നത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്ന് സ്പരിറ്റ് കടത്തികൊണ്ടുവന്ന് വ്യാജക്കള്ളാക്കിയാണ് മദ്യമാഫിയ ജനങ്ങൾക്ക് വിളമ്പുന്നത്. ഇതിന് ഉദ്യോഗസ്ഥരുടെ മൗനാനുവാദം കൂടിയാകുമ്പോൾ വില്പന പൊടിപൊടിക്കും. കള്ളുഷാപ്പുകളിലേക്ക് വ്യാജക്കള്ള് എത്തുന്നത് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിച്ചുവരുന്ന രഹസ്യകേന്ദ്രങ്ങളിൽ നിന്നാണ്. വർഷങ്ങളായി അവയ്ക്ക് നേരെ കണ്ണടയ്ക്കുകയാണ് എക്സൈസ് അധികാരികൾ. വടക്കഞ്ചേരി അണക്കപ്പാറയിലെ സംഭവത്തിൽ പ്രതിരോധത്തിലാണ് ജില്ലാ എക്സൈസ്. ഇന്റലിജൻസും ജില്ലാ എക്സൈസ് അധികൃതരും കുറ്റം പരസ്പരം കെട്ടിവെക്കാനാണ് ശ്രമിക്കുന്നത്. വകുപ്പുതലത്തിൽ കൂടുതൽ അന്വേഷിച്ചാൽ മാസപ്പടി വാങ്ങിയവരുടെ പട്ടിക വലുതാകുമെന്ന് ഉറപ്പായപ്പോൾ റേഞ്ചിലും സർക്കിളിലും സ്ഥലംമാറ്റം നടത്തി അധികൃതർ തടിതപ്പുകയായിരുന്നു.പ്രതിരോധത്തിൽ എക്സൈസ്ആലത്തൂർ, കുഴൽമന്ദം റേഞ്ചുകളിലെ 30 ഷാപ്പുകളിലൂടെ വിതരണം നടത്തുന്നതിനാണ് സ്പിരിറ്റ് ചേർത്ത കള്ള് നിർമ്മിച്ചതെന്ന് അണക്കപ്പാറയിലെ വ്യാജക്കള്ള് നിർമ്മാണ കേന്ദ്രത്തിൽ നിന്ന് അറസ്റ്റിലായ പ്രതികൾ എക്സൈസ് ഉദ്യോഗസ്ഥരോട് സമ്മതിച്ചിട്ടുണ്ട്. എന്നാൽ, വർഷങ്ങളായി ഷാപ്പുകളിലേക്ക് വ്യാജമദ്യം എത്തിച്ചിട്ടും എക്സൈസിന് ഇവ കണ്ടെത്താൻ കഴിഞ്ഞില്ലെന്നത് ദുരൂഹമാണ്. തമിഴ്നാട്ടിലെ തിരുവണ്ണാമലയിൽ നിന്നാണ് അണക്കപ്പാറയിലേക്ക് സ്പിരിറ്റ് എത്തുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.ഇതിന് സമാനമായാണ് സെപ്തംബറിൽ ചേരാമംഗലത്തെ തോപ്പിൽനിന്ന് എക്സൈസ് ഇന്റലിജൻസിന്റെ നേതൃത്വത്തിൽ സ്പിരിറ്റ് പിടിച്ചത്. ഷാപ്പുകളിലേക്ക് ആവശ്യമായ വീര്യമുള്ള വ്യാജക്കള്ള് ഉണ്ടാക്കുന്ന കേന്ദ്രമാണ് ചേരാമംഗലത്തെ തോപ്പിൽ പ്രവർത്തിച്ചിരുന്നത്. കുഴൽമന്ദം റേഞ്ചിലെ ആറ് ഷാപ്പുകളിലേക്കുള്ള വ്യാജക്കള്ളാണ് ഇവിടെ നിർമ്മിച്ചിരുന്നത്.ആലത്തൂർ സർക്കിളിന്റെ പരിധിയിൽ വരുന്ന ഈ ഷാപ്പുകളിൽ ബന്ധപ്പെട്ടവർ വേണ്ട രീതിയിൽ നിരീക്ഷണം നടത്തുകയോ സാമ്പിൾ കൃത്യമായി ശേഖരിക്കുകയോ ഷാപ്പുകളിലേക്കു വരുന്ന കള്ള് വണ്ടികൾ പരിശോധന നടത്തുകയോ ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് എക്സൈസ് ഇന്റലിജൻസ് നേരിട്ടെത്തി ചേരാമംഗലത്തെ കേന്ദ്രത്തിൽ പരിശോധന നടത്തിയത്. കഴിഞ്ഞ ലോക്ഡൗൺ സമയത്ത് ഒറ്റപ്പാലം പനമണ്ണയിൽനിന്ന് ഏഴ് ലിറ്റർ സ്പിരിറ്റും, സ്പിരിറ്റ് കലക്കിയ 1000 ലിറ്റർ കള്ളും ഇവ കടത്താനായി ഉപയോഗിച്ച വാഹനവും പാലക്കാട് എക്സെസ് ഇന്റലിജൻസും ഒറ്റപ്പാലം റേഞ്ച് അധികൃതരും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടിയിരുന്നു.വീര്യമേറിയ വ്യാജമദ്യം വിറ്റ് ലക്ഷങ്ങളാണ് ഷാപ്പുടമകൾ സമ്പാദിക്കുന്നത്. മറ്റ് ലഹരി വസ്തുക്കൾ, വാറ്റ് ചാരായം എന്നിവ കണ്ടെത്തുന്നതിൽ എക്സൈസ് വകുപ്പ് കാണിക്കുന്ന ജാഗ്രത ഉന്നത രാഷ്ട്രീയ പിടിപാടുള്ള, വൻകിട മാഫിയകൾ വാഴുന്ന ഈ മേഖലയിൽ കാണിക്കുന്നില്ലെന്ന് പരാതികൾ വ്യാപകമായതോടെ എക്സൈസ് വകുപ്പുതന്നെ കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്.ഉത്പാദനം കുറഞ്ഞിട്ടുംജില്ല കടക്കുന്നത് മൂന്ന് ലക്ഷം ലിറ്റർകൊവിഡ് സാഹചര്യത്തിൽ ചിറ്റൂരിൽ നിലവിൽ പ്രതിദിനം ഉത്പാദിപ്പിക്കുന്നത് 50,000ൽ താഴെ ലിറ്റർ കള്ള് മാത്രമാണ്. എന്നാൽ, ജില്ലാതിർത്തി കടക്കുന്നത് മൂന്ന് ലക്ഷത്തിലേറെ ലിറ്ററും. ഇതെങ്ങനെ സാദ്ധ്യമാവുന്നു എന്നതിന് ഉത്തരം തേടിയാൽ ചെന്നെത്തുന്നത് ഉദ്യോഗസ്ഥ-രാഷ്ട്രീയ അവിശുദ്ധ ബന്ധങ്ങളിലേക്കാണ്. പതിനയ്യായിരത്തോളം യൂണിയൻ അംഗീകൃത ചെത്തുതൊഴിലാളികളും ആയിരത്തഞ്ഞൂറോളം തമിഴ്നാട്ടിൽ നിന്നുള്ള തൊഴിലാളികളുമാണ് ഇവിടെയുള്ളത്. എന്നാൽ, കൊവിഡിനെ തുടർന്ന് ഒരു വർഷത്തിലേറെയായി മേഖലയിൽ 5000ൽ താഴെ പേർ മാത്രമാണ് ജോലി ചെയ്യുന്നത്. എന്നാൽ, ഇവിടെനിന്ന് കയറ്റിയ അയയ്ക്കുന്ന കള്ളിൽ കുറവ് വന്നിട്ടുമില്ല. ഇത് വിരൽ ചൂണ്ടുന്നത് വ്യാജക്കള്ള് നിർമ്മാണത്തിലേക്കാണ്. അതിർത്തിയോടു ചേർന്നു കിടക്കുന്നതു കൊണ്ടുതന്നെ സ്പിരിറ്റോ മറ്റ് രാസവസ്തുക്കളോ എത്തിക്കുന്നതിനോ സംഭരിക്കുന്നതിനോ ഒരു പ്രശ്നവുമുണ്ടാവാറില്ല.ചിറ്റൂർ മേഖലയിൽ 12000 ഹെക്ടറിലായാണ് തെങ്ങുകൃഷി. കൃഷിവകുപ്പിന്റെ കണക്കുകൾ പ്രകാരം 20 ലക്ഷം തെങ്ങുകൾ ചിറ്റൂർ ബ്ലോക്കിലുണ്ട്. ഇതിൽ 1.5 ലക്ഷം തെങ്ങുകൾക്ക് വൃക്ഷക്കരം ഈടാക്കി കള്ള് ചെത്തുന്നതിന് എക്സൈസ് വകുപ്പ് അനുമതി നൽകിയിട്ടുമുണ്ട്. ഇതിൽ തന്നെയാണ് കള്ളക്കളികൾ ഏറെയും നടക്കുന്നത്. ഇവിടെ നിന്ന് മറ്റ് ജില്ലകളിലേക്ക് പോവുന്ന കള്ളിലെ കൃത്രിമം കണ്ടെത്താൻ യാതൊരു പരിശോധനയും നടക്കുന്നില്ല. പകരം വൃക്ഷക്കരം അടയ്ക്കുന്നതിന്റെ അടിസ്ഥാനത്തിൽ ലഭിക്കുന്ന പെർമിറ്റ് പ്രകാരമുള്ള അളവിലും കൂടുതൽ കള്ള് കൊണ്ടുപോവുന്നുണ്ടോ എന്ന് മാത്രമാണ് പരിശോധന.മുമ്പ് കള്ള് ഷാപ്പുകളിൽനിന്ന് നേരിട്ട് സാമ്പിൾ പരിശോധനയ്ക്ക് എടുത്തിരുന്നെങ്കിലും കൊവിഡിനെ തുടർന്ന് അതും നടക്കുന്നില്ല. അതുകൊണ്ടു തന്നെ വ്യാജക്കള്ള് ഉത്പാദനവും വ്യാപകമായി. ഷാപ്പ് ലേലത്തിലൂടെയും വൃക്ഷക്കരത്തിലൂടെയും കോടികളാണ് ഓരോ വർഷവും സർക്കാർ ഖജനാവിലെത്തുന്നത്. എന്നാൽ, കള്ള് വ്യവസായത്തിലെ വ്യാജനെ ഇല്ലാതാക്കാൻ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നതാണ് വാസ്തവം. ഒരല്പം കള്ളുണ്ടെങ്കിൽ എത്ര വേണമെങ്കിലും ഉണ്ടാക്കാൻ ഇവർക്കറിയാം. വീര്യം കൂട്ടാൻ സ്പിരിറ്റും മധുരത്തിന് സാക്കറിനും കൂടിയായാൽ ഒറിജിനലിനെ വെല്ലുന്ന വ്യാജൻ തയ്യാർ. അധികൃതരുടെ മൗനാനുവാദവും രാഷ്ട്രീയ പിൻബലവും കൂടിയാവുമ്പോൾ വ്യാജക്കള്ള് നാട്ടിൽ സുലഭം.