വെള്ളത്തിൽ ചവിട്ടാൻ വല്ലാത്ത മടി, സഞ്ചരിച്ചത് മത്സ്യത്തൊഴിലാളിയുടെ ചുമലിലേറി, ഫിഷറീസ് മന്ത്രി വിവാദത്തിൽപ്പെട്ട സംഭവം ഇങ്ങനെ
ചെന്നൈ: തീര ശോഷണമുണ്ടെന്ന മത്സ്യത്തൊഴിലാളികളുടെ പരാതിയെക്കുറിച്ച് അന്വേഷിക്കാനെത്തിയ മന്ത്രിക്ക് കടൽ വെള്ളത്തിൽ ഇറങ്ങാൻ മടി. ഉടൻതന്നെ ഇതിന് പ്രതിവിധിയും മന്ത്രി തന്നെ കണ്ടുപിടിച്ചു. സമീപത്തുണ്ടായിരുന്ന ഒരു മത്സ്യത്തൊഴിലാളിയുടെ ചുമലിലേക്ക് വലിഞ്ഞുകയറി. പിന്നെ തീരശോഷണം കാണാൻ യാത്രയായി.തമിഴ്നാട് ഫിഷറീസ് മന്ത്രി അനിത ആർ രാധാകൃഷ്ണനാണ് വിവാദത്തിൽപെട്ടത്. തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ വ്യാഴാഴ്ചയായിരുന്നു സംഭവം നടന്നത്. ബോട്ട് യാത്രയ്ക്കുശേഷം കരയിലേക്ക് വന്നപ്പോഴായിരുന്നു സംഭവം. ബോട്ടിൽ നിന്നിറങ്ങി അല്പദൂരം വെള്ളത്തിലൂടെ നടക്കണം. എന്നാൽ മന്ത്രി അതിന് തയ്യാറായില്ല. ഇതോടെ തൊട്ടടുത്തുണ്ടായിരുന്ന ഒരു മത്സ്യത്തൊഴിലാളി അദ്ദേഹത്തെ എടുത്ത് നടക്കുകയായിരുന്നു.ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ സംഭവം വൻ വിവാദമായി.മന്ത്രിസ്ഥാനത്ത് തുടരാൻ അർഹനല്ലെന്നും രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് നിരവധിപേർ രംഗത്തെത്തി. എന്നാൽ വെള്ളത്തിലിറങ്ങാൻ മടിച്ചു എന്ന വാർത്ത മന്ത്രി നിഷേധിച്ചു. എടുക്കണമെന്ന് ആവശ്യപ്പെട്ടില്ലെന്നും തന്നോട് സ്നേഹമുള്ള ഒരു മത്സ്യത്തൊഴിലാളി അത് പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ചിലർ അവിടെവച്ച് എന്നെ കെട്ടിപ്പിടിക്കുകയും ഉമ്മവയ്ക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.എ ഡി എം കെയിലായിരുന്ന അനിത ആർ രാധാകൃഷ്ണൻ 2009ലാണ് ഡി എം കെയിലെത്തിയത്. തിരുച്ചെണ്ടൂര് നിയമസഭ മണ്ഡലത്തില് നിന്നും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയിച്ച അനിത ആർ രാധാകൃഷ്ണൻ നേരത്തേ അഞ്ചുതവണ എം എൽ എ ആയിട്ടുണ്ട്.