ബെവ്കോ ഔട്ട്ലെറ്റുകളില് തിരക്ക് നിയന്ത്രിക്കാന്‍ പത്തിന നിര്‍ദേശവുമായി സര്‍ക്കാര്‍
തിരുവനന്തപുരം: ബെവ്കോ ഔട്ട്ലെറ്റുകളിലെ തിരക്ക് നിയന്ത്രിക്കാന്‍ പത്തിന നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍. തിരക്ക് കൂടിയാല്‍ ടോക്കണ്‍ സംവിധാനവും മൈക്ക് അനൗണ്‍സ്മെന്റും നടത്തണം. തിരക്ക് കൂടിയാല്‍ പോലീസ് സഹായം തേടണം. കൂടുതല്‍ കൗണ്ടറുകള്‍ തുറക്കണമെന്നും ഔട്ട്ലെറ്റുകള്‍ക്ക് നല്കിയ നിര്‍ദേശത്തില്‍ പറയുന്നു.
ബെവ്കോ ഔട്ട്ലെറ്റുകളില് തിരക്ക് നിയന്ത്രിക്കാത്തതില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു. കല്യാണത്തിന് 20 പേരെ അനുവദിക്കുന്ന സര്‍ക്കാര്‍, മദ്യത്തിനുളള ക്യൂവില്‍ 500 പേരെ അനുവദിക്കുന്നതും എങ്ങനെയാണെന്നായിരുന്നു കോടതിയുടെ ചോദ്യം.
ബെവ്കോ ലാഭവിഹിതം കുറച്ചതോടെ ബാറുകളിലും ഇന്നു മുതല്‍ മദ്യവില്‍പ്പന പുനരാരംഭിക്കുകയാണ്. 600ല്‍ ഏറെവരുന്ന ബാറുകളില്‍ മദ്യവില്‍പ്പന തുടങ്ങുന്നതോടെ ഔട്ട്ലെറ്റുകള്‍ക്ക് മുന്നിലുള്ള തിരക്ക് കുറയുമെന്നാണ് കരുതുന്നത്. ലാഭവിഹിതം 25 ശതമാനമായി ഉയര്‍ത്തിയത് മദ്യംവാങ്ങുന്നതിന് കൂടുതല്‍ ചെലവ് വരുമെന്നും ലാഭം കുറയുമെന്നും കാണിച്ച ബാറുടമകള്‍ മദ്യവില്‍പ്പന നിര്‍ത്തിവച്ച് പ്രതിഷേധിക്കുകയായിരുന്നു. എന്നാല്‍ ബിയറും വൈനും വിറ്റിരുന്നു. ബെവ്കോ ലാഭവിഹിതം 13 ശതമാനമായി കുറച്ചാണ് പ്രശ്നം പരിഹരിച്ചത്.