രോഗബാധിതയായ മൂന്നര വയസ്സുകാരി ഗൗരി ലക്ഷ്മിയുടെ പേരിൽ പണം തട്ടിപ്പ്, യുവതിയും അമ്മയും അറസ്റ്റിൽ
കൊച്ചി: രോഗബാധിതയായ മൂന്നര വയസുകാരിയുടെ പേരിൽ വ്യാജപോസ്റ്ററുകളുണ്ടാക്കി പണം തട്ടിയ സംഭവത്തിൽ രണ്ടു പേരെ ചേരാനെല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. പാല സ്വദേശികളായ അമ്മയും മകളുമാണ് പിടിയിലായത്. വൈറ്റിലയിൽ താമസിക്കുന്ന
മറിയാമ്മ, മകൾ അനിത, മകൻ അരുൺ എന്നിവരാണ് തട്ടിപ്പ് നടത്തിയത്. ഇവരിൽ മറിയാമ്മയെയും മകളെയും പൊലീസ് അറസ്റ്റ് ചെയ്തു.
പെരുമ്പാവൂർ സ്വദേശി പ്രവീണിന്റെ മകൾ ഗൗരി ലക്ഷ്മിയുടെ പേരിലാണ് പണം തട്ടിയത്. മകൻ അരുണാണ് കുഞ്ഞിന്റെ ചിത്രം ഉപയോഗിച്ച് സഹായമഭ്യർത്ഥിച്ചുള്ള വ്യാജ കാർഡുണ്ടാക്കി സാമൂഹ്യ മാധ്യമങ്ങളിലടക്കം പ്രചരിപ്പിച്ചത്. മറിയാമ്മയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടാണ് തട്ടിപ്പിന് ഉപയോഗിച്ചത്. ഇത് കണ്ടെത്തിയാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്. അരുണിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.
ന്യൂറോഫൈബ്രോമാറ്റിസ് എന്ന രോഗം ബാധിച്ച് മാസങ്ങളായി കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലാണ് പ്രവീണിൻറെ മകൾ ഗൗരി ലക്ഷ്മി. ശരീരത്തിനുള്ളിലെ ഞരമ്പുകളിൽ മുഴകളുണ്ടാകുന്നതാണ് രോഗം. കഴുത്തിന്റെ ഒരു ഭാഗത്ത് ഓപ്പറേഷൻ നടത്തി മുഴകൾ നീക്കം ചെയ്തു. ആരോഗ്യ സ്ഥിതി മോശമായതിനാൽ മറുഭാഗത്തെ ശസ്ത്രക്രിയ നടത്താനായില്ല. തൊണ്ടയിൽ ദ്വാരമിട്ട് ഘടിപ്പിച്ചിരിക്കുന്ന വെൻറിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരിക്കുന്നത്. ചികിത്സക്കായി ലക്ഷങ്ങൾ ഇതിനകം ചെലവായി.
ആശുപത്രിക്കടുത്ത് വാടക വീടെടുത്താണിപ്പോൾ താമസം. മരുന്നിനും മറ്റു ചെലവുകൾക്കുമായി മാസം തോറം ഒന്നര ലക്ഷത്തോളം രൂപ വേണം. പെയിൻറിംഗ് തൊഴിലാളിയായ പ്രവീൺ ഈ തുക കണ്ടെത്താൻ വിഷമിക്കുന്നതു കണ്ട് കാരുണ്യ പ്രവർത്തകനായ ചെർപ്പുളശ്ശേരി സ്വദേശി ഫറൂക്ക് സാമൂഹ്യ മാധ്യമങ്ങളിൽ കുഞ്ഞിൻറെ വീഡിയോ പോസ്റ്റു ചെയ്തു. ഒപ്പം അക്കൗണ്ട് നന്വരും മറ്റു വിവരങ്ങളും ഉൾപ്പെടുത്തി ഒരു കാർഡും തയ്യാറാക്കി പങ്കു വച്ചു. ഇതോടെ അക്കൗണ്ടിലേക്ക് പണം എത്തിത്തുടങ്ങി.
പിന്നാലെ കുഞ്ഞിന്റെ ചിത്രങ്ങൾ ഉപയോഗിച്ച് പുതിയ അക്കൗണ്ട് നമ്പറും മൊബൈൽ നമ്പറും ഉൾപ്പെടുത്തി വ്യാജ കാർഡ് തയ്യാറാക്കി തട്ടിപ്പുകാർ പ്രചരിപ്പിച്ചു. കിട്ടിയ പലരും സത്യമറിയാതെ ഇത് വ്യാപകമായി ഷെയർ ചെയ്യുകയും ചെയ്തു. ദിവസങ്ങൾ കൊണ്ട് അറുപതിനായിരത്തോളം രൂപയാണ് അക്കൗണ്ടിലെത്തിയത്. അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.