നിമിഷ സജയൻ ബോളിവുഡിലേക്ക്; അരങ്ങേറ്റം ദേശീയ പുരസ്കാര ജേതാവിന്റെ സിനിമയിലൂടെ
സ്വാഭാവിക അഭിനയത്തിലൂടെ മലയാളികളുടെ മനം കവർന്ന നടിയാണ് നിമിഷ സജയൻ. തൊണ്ടി മുതലും ദൃക്സാക്ഷിയും, ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, നായാട്ട് തുടങ്ങി സിനിമകളിലൂടെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളാണ് നിമിഷ അഭിനയിച്ചത്. ഇപ്പോൾ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് താരം.ദേശീയ പുരസ്കാര ജേതാവ് ഒനിറാണ് നിമിഷയെ ബോളിവുഡിലേക്ക് കൊണ്ടുവരുന്നത്. വി ആര് എന്ന ചിത്രത്തിലാണ് താരം അഭിനയിക്കുക. പ്രശസ്തമായ അന്തോളജി സീരീസായ ഐ ആമിന്റെ സീക്വൽ ആണിത്. സിനിമയുടെ ചിത്രീകരണം സെപ്തംബറില്‍ തുടങ്ങിയേക്കുമെന്നാണ് വിവരം.നാല് ഷോർട്ട്ഫിലിമുകൾ ചേർത്തുള്ള ആന്തോളജി സീരീസായിരുന്നു ഐ ആം. ബാല പീഡനം, ഗേ റൈറ്റ് തുടങ്ങിയ വിഷയങ്ങളാണ് ചിത്രം ചർച്ച ചെയ്തത്. ഫഹദ് ഫാസിലിന്റെ ബിഗ് ബഡ്ജറ്റ് ചിത്രം മാലിക്കാണ് നിമിഷയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ആമസോണിലൂടെയാണ് ചിത്രം റിലീസിന് എത്തുന്നത്.നതാലിയ ശ്യാം സംവിധാനം ചെയ്യുന്ന ഇംഗ്ലീഷ് ചിത്രമായ ഫുട്പ്രിന്റ്സ് ഓണ്‍ വാട്ടര്‍ ആണ് നിമിഷ നായികയാകുന്ന മറ്റൊരു സിനിമ. ആദിൽ ഹുസൈനാണ് ചിത്രത്തിൽ നായകനാവുന്നത്.