മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയും എന്‍.സി.പിയും കോണ്‍ഗ്രസും ചേര്‍ന്ന് സര്‍ക്കാര്‍ നിലവിൽ വന്നാൽ മഹാരാഷ്ട്രയില്‍ ആരംഭിക്കാനിരുന്ന ഇന്ത്യയുടെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി റദ്ദാക്കിയേക്കുമെന്ന്റിപ്പോർട്ടുകൾ പുറത്തുവന്നു.
അതിനിടെ മുംബൈയില്‍ നടന്ന നിരവധി യോഗങ്ങള്‍ക്ക് ശേഷം ശിവസേനയും എന്‍.സി.പിയും കോണ്‍ഗ്രസും മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള പ്രഖ്യാപനം ഇന്ന് നടത്തിയേക്കും ‘മഹാരാഷ്ട്ര വികസന മുന്നണി’ എന്നാണ് സഖ്യം അറിയപ്പെടുക. ഡിസംബര്‍ ആദ്യവാരം പുതിയ സര്‍ക്കാര്‍ അധികാരത്തിലേല്‍ക്കുമെന്നാണ് സൂചന.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയാണ് ഗുജറാത്ത്- അഹമ്മദാബാദ്- മുംബൈ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിന്‍ പദ്ധതി.ഒരു ലക്ഷം കോടി രൂപയാണ് സര്‍ക്കാര്‍ ഇതിനായി കണക്കാക്കിയിരുന്നത്. ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യം ഈ പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങാനാണ് ആലോചന . പകരം ഈ പണം കര്‍ഷക ക്ഷേമത്തിനായി വിനിയോഗിക്കും.
പ്രധാനമന്ത്രി മോദിയും ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ അബെയും ചേര്‍ന്ന് 2017 സെപ്റ്റംബറിലാണ് അഹമ്മദാബാദില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് തറക്കല്ലിട്ടത്. പദ്ധതിക്കായി ജപ്പാന് 88000 കോടി രൂപ 0.1 ശതമാനം പലിശയ്ക്ക് വായ്പ നല്‍കാനായിരുന്നു ധാരണയായത്. ബാക്കി തുക സംസ്ഥാന സര്‍ക്കാരും വഹിക്കാനുമായിരുന്നു ധാരണ.
പദ്ധതി മുന്നോട്ട് പോകണമെങ്കില്‍ അതിന്റെ എല്ലാ ചെലവും കേന്ദ്രം വഹിക്കണമെന്നും ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കായി മഹാരാഷ്ട്ര സര്‍ക്കാരിന് തുക ചെലവഴിക്കാന്‍ കഴിയില്ലെന്നുമാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പ്രതികരിച്ചത്.കഴിഞ്ഞയാഴ്ച മുംബൈയില്‍ നടന്ന കോണ്‍ഗ്രസ്-എന്‍.സി.പി ശിവസേന ആദ്യ യോഗത്തില്‍ അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നതായി മുതിര്‍ന്ന എന്‍.സി.പി നേതാവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.മൊത്തം 1.08 ലക്ഷം കോടി രൂപയുടെ പദ്ധതിയില്‍ 5,000 കോടി രൂപയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ വഹിക്കുന്നത്.
മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന 508 കിലോമീറ്റര്‍ ദൂരമുള്ള അഹമ്മദാബാദ്-മുംബൈ അതിവേഗ ട്രെയിന്‍ പദ്ധതി 2023 ഓടെ പൂര്‍ത്തീകരിക്കാനായിരുന്നു തീരുമാനിച്ചത്.