വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിക്ക് നേരെ തെരുവ് നായകളുടെ ആക്രമണം
നീലേശ്വരം: വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന ഒൻപതു വയസ്സുകാരനു നേരെ തെരുവ് നായകളുടെ ആക്രമണം. കോട്ടപ്പുറം ആനച്ചാലിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ഖമറുദ്ധീൻ-റുബീന ദമ്പതികളുടെ മകൻ മുഹമ്മദ് റിദാനാണ് നായക്കൂട്ടത്തിന്റെ ആക്രമണത്തിനിരയായത്.
കുട്ടിയുടെ നിലവിളി കേട്ട് പരിസരവാസികളും നാട്ടുകാരും ചേർന്ന് രക്ഷിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ ഉടൻ നീലേശ്വരം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി. ഏതാനും ദിവസം മുൻപ് മറ്റൊരു കുട്ടിയെയും നായകൾ ആക്രമിച്ചിരുന്നു. നീലേശ്വരം മേഖലയിൽ തെരുവ് നായകൾ ജനജീവിതത്തിനു ഭീഷണി ഉയർത്തി സ്വൈര്യ വിഹാരം തുടരുകയാണ്.