ഇന്ത്യൻ സിനിമയുടെ രാജകുമാരൻ ദിലീപ്കുമാർ വിട വാങ്ങിയെങ്കിലും അദ്ദേഹം കാസർകോട് തങ്ങിയ രണ്ടുനാൾ നാടിന് മറക്കാനാവില്ല
കാസർകോട്: ഇന്ത്യൻ സിനിമയുടെ നക്ഷത്രം ദിലീപ്കുമാർ വിട വാങ്ങിയെങ്കിലും അദ്ദേഹം കാസർകോട്ട് തങ്ങിയ രണ്ടുനാൾ ഈ നാടിന് മറക്കാനാവില്ല. ഹിന്ദി സിനിമയിലെ രാജകുമാരൻ കാസർകോട്ട് വന്ന് രണ്ട് ദിവസം താമസിച്ച് മടങ്ങിയിട്ട് ഏതാണ്ട് 50 വർഷമാവുന്നു. 1973 സപ്തംബർ 6ന് നുള്ളിപ്പാടിയിൽ മിലൻ തിയേറ്ററിന്റെ ഉദ്ഘാടനം നിർവഹിക്കാനാണ് ദിലീപ്കുമാർ കാസർകോടിന്റെ മണ്ണിൽ കാലുകുത്തിയത്. ഒരുകാലത്ത് കാസർകോടിന്റെ സാംസ്കാരിക വേദികളിലൊന്നായിരുന്ന മിലൻ തിയേറ്റർ വിസ്മൃതിയിലായിട്ട് വർഷങ്ങളായി. അവിടെ പുതിയ കെട്ടിട സമുച്ഛയം ഉയർന്നു കഴിഞ്ഞു. അക്കാലത്ത് കേരളത്തിലെ പ്രധാനപ്പെട്ട തിയേറ്ററുകളിലൊന്നായിരുന്നു മിലൻ.നിർമ്മാണ ഭംഗിയും മികച്ച സജ്ജീകരണങ്ങളും കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട തിയേറ്റർ. ജപ്പാനിൽ നിന്ന് ഇറക്കുമതി ചെയ്ത സൗണ്ട് സിസ്റ്റം ആണ് ഉപയോഗിച്ചിരുന്നത്. ഇരിപ്പിടവും ടോയ്ലറ്റ് സൗകര്യവുമൊക്കെ അത്യാധുനികമായിരുന്നു. ദിലീപ്കുമാർ ബോളിവുഡിൽ താര രാജാവായി തിളങ്ങി നിൽക്കുന്ന കാലമായിരുന്നു അത്. കാസർകോട്ട് ഒരു മലയാള നടനെ കൊണ്ടുവരാൻ തന്നെ പ്രയാസപ്പെട്ടിരുന്ന അക്കാലത്ത് സാക്ഷാൽ ദിലീപ് കുമാർ കാസർകോട്ടെത്തുന്നു എന്നതിലും വലിയ സന്തോഷം സിനിമ പ്രേമികൾക്കുണ്ടായി.മുംബൈയിൽ നിന്ന് മംഗലാപുരം വിമാനത്താവളം വഴിയാണ് അദ്ദേഹം കാസർകോട്ടെത്തിയത്. ഹിറ്റ് സിനിമകളുമായി വെള്ളിത്തിരയിൽ നിറഞ്ഞുനിൽക്കുകയായിരുന്ന ദിലീപ് കുമാറിനെ ഒരു നോക്കുകാണാൻ നുള്ളിപ്പാടിയിൽ വൻ ജനകൂട്ടമാണ് തടിച്ചു കൂടിയത്. രാവിലെ 11.30ന് മംഗലാപുരത്ത് വിമാനം ഇറങ്ങിയ ദിലീപ് കുമാറിനെ സ്വീകരിച്ച് കൊണ്ടുവരാനായി വാങ്ങിയ കാറിനും പറയാനുണ്ട് കഥകൾ. രാജ്യം കണ്ട മികച്ച നടനെ സ്വീകരിക്കാൻ വിലപിടിപ്പുള്ള ഒരു കാർ തന്നെ വേണമെന്ന് തിയേറ്റർ ഉടമകളായ കെ.എസ്. ഹസൻകുട്ടി ഹാജിക്കും കോട്ട ഹസൈനാറിനും പട്ള അബൂബക്കറിനും കുഞ്ഞിക്കണ്ണനും എ.കെ. മുഹമ്മദിനും കെ.എസ്. മുഹമ്മദ് ഹാജിക്കും വലിയ ആഗ്രഹമായിരുന്നു. അക്കാലത്ത് കാസർകോട്ട് വിലപിടിപ്പുള്ള കാറുകൾ വിരളമായിരുന്നു. ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒരു കാറിന് വേണ്ടിയുള്ള അന്വേഷണമായി പിന്നെ. അന്വേഷിച്ച് ഒടുവിൽ ചെന്നെത്തിയത് മലയാള സിനിമയിലെ നിത്യഹരിത നായകൻ സാക്ഷാൽ പ്രേം നസീറിന്റെ അടുത്ത്. പ്രേംനസീർ ഉപയോഗിച്ചിരുന്ന ഷവർലെറ്റിന്റെ ഇംപാല കാർ അന്ന് ഏറെ പ്രസിദ്ധമായിരുന്നു. ഒരു ഇടനിലക്കാരൻ വഴി കെ.എസ്. ഹസൻ കുട്ടിഹാജിയുടെ സഹോദരി പുത്രൻ കെ.എസ് ബഷീർ വെറുതെയൊരു ശ്രമം നടത്തി നോക്കി. പ്രേംനസീറിന്റെ ആ കാർ വിൽക്കുന്നുണ്ടോ എന്ന്. ദിലീപ് കുമാറിനെ കൊണ്ടുവരാനാണെന്ന് കൂടി പറഞ്ഞപ്പോൾ പ്രേംനസീറിനും ആവേശമായി. അങ്ങനെ പ്രേംനസീർ കുറച്ചുകാലം മാത്രം ഉപയോഗിച്ചിരുന്ന ഇംപാല കാർ 65,000 രൂപക്ക് മിലൻ തിയേറ്റർ ഉടമകൾ സ്വന്തമാക്കുകയായിരുന്നു. 65,000 രൂപ എന്നാൽ അക്കാലത്തെ ഏറ്റവും മുന്തിയ കാറുകളുടെ വിലയായിരുന്നു.