സ്ത്രീധന കൊലപാതകം: യുവതിയെ ഭർത്തൃബന്ധുക്കൾ ചുട്ടുകൊന്നതായി പരാതി
ലുധിയാന: പഞ്ചാബിലെ ലുധിയാനയിൽ 34കാരിയെ സ്ത്രീധനം നൽകാത്തതിനെ തുടർന്ന് ഭർത്താവും ബന്ധുക്കളും ചേർന്ന് ചുട്ടുകൊന്നതായി പരാതി. യുവതിയുടെ അച്ഛനാണ് പരാതി നൽകിയിരിക്കുന്നത്. ലുധിയാനയിലെ കക്കോവാൽ മജ്റയിലുള്ള മൻദീപ് കൗർ എന്ന യുവതിയാണ് മരണമടഞ്ഞത്.യുവതിയുടെ അച്ഛൻ സുരീന്ദർപാൽ പറയുന്നത് അനുസരിച്ച് മൻദീപ് കൗറിന് കുറച്ചു പൊള്ളലേറ്റുവെന്ന് യുവതിയുടെ ഭർത്താവ് ബൽറാം സിംഗിന്റെ പിതാവ് അറിയിച്ചതനുസരിച്ച് താൻ ആശുപത്രിയിലെത്തിയെങ്കിലും മകളുടെ മൃതദേഹമാണ് കാണാൻ കഴിഞ്ഞത്. ആശുപത്രിയിലേക്കുള്ള വഴിയിൽ വച്ച് തന്നെ മൻദീപ് മരണമടഞ്ഞുവെന്ന് ബന്ധുക്കൾ പറഞ്ഞതായി സുരീന്ദർപാൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.തന്റെ മകളെ സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും ബന്ധുക്കളും നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നതായി സുരീന്ദർ പറഞ്ഞു. മകളെ വിളിച്ചുകൊണ്ടു പോയില്ലെങ്കിൽ അവളെ കൊന്നു കളയുമെന്ന് ബൽറാം സിംഗ് ഒരിക്കൽ പറഞ്ഞതായും സുരീന്ദർ പൊലീസിനോട് പറഞ്ഞു.പീഡനം കൂടുതലായപ്പോൾ താൻ ഗ്രാമമുഖ്യനെ കാര്യങ്ങൾ അറിയിക്കുകയും അവർ ബൽറാം സിംഗിനെ വിളിച്ചു വരുത്തി താക്കീത് നൽകുകയും ചെയ്തിതിരുന്നു. എന്നാൽ അവർ പിന്നെയും പീഡനം തുടർന്നുകൊണ്ടേയിരുന്നു, സുരീന്ദർ പറഞ്ഞു. മൂന്ന് വർഷം മുമ്പാണ് ബൽറാം സിംഗിന്റെയും മൻദീപിന്റെയും വിവാഹം കഴിഞ്ഞത്. ഇവർക്ക് ഒരു വയസ് പ്രായമുള്ള ഒരു മകളുമുണ്ട്.അതേസമയം ബൽറാം സിംഗ്, പിതാവ് ചന്ദ് സിംഗ്, മാതാവ് രജ്വന്ത് കൗർ, സഹോദരി രജ്വീന്ദർ കൗർ, സഹോദരൻ കുൽബീർ സിംഗ് എന്നിവർക്കെതിരെ സ്ത്രീധന നിരോധന നിയമ പ്രകാരം പൊലീസ് കേസെടുത്തു.