കടബാധ്യതയുള്ളവരെ സഹായിക്കാനെന്ന പേരില്‍ ചാരിറ്റി തട്ടിപ്പ്; പ്രതി അറസ്റ്റില്‍
കുറ്റിപ്പുറം: സെറീന് ചാരിറ്റബിള്‍ സൊസൈറ്റി എന്ന പേരില്‍ തട്ടിപ്പുസംഘം രൂപീകരിച്ച് നിരവധിയാളുകളെ പറ്റിച്ച ചങ്ങനാശ്ശേരി സ്വദേശി മുഹമ്മദ് റിയാസ്(49)നെ കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി പന്തല്ലൂര്‍ സ്വദേശി അബ്ദുള്‍ നാസര്‍ എന്നയാളുടെ പരാതിയിലാണു കേസെടുത്തത്. ഇയാളില്‍നിന്ന് പ്രതി 1,62,000 രൂപ കൈക്കലാക്കി ചതിച്ചു എന്നാണു പരാതി.
കടബാധ്യത ഉള്ളവരെ അതില്‍നിന്ന് കരകയറ്റാന്‍ സഹായിക്കും എന്നുള്ള സംഘടനയുടെ പ്രചാരണത്തില്‍ വീഴുന്നവരില്‍നിന്ന് 1000 രൂപ മെമ്പര്‍ഷിപ്പ് വാങ്ങി അംഗങ്ങളാക്കും. ഇവരെ പിന്നീട് ഇയാളുടെയും സംഘടനയുടെയും ഗുണഗണങ്ങള്‍ വാഴ്ത്തുന്ന പ്രചാരകര്‍ (കോ-ഓര്‍ഡിനേറ്റര്‍) ആക്കുന്നു. ഇവര്‍ പിന്നീട് അവരുടെ നാട്ടിലെ സാമ്പത്തികശേഷിയുള്ളവരുമായി റിയാസിനെ പരിചയപ്പെടുത്തിക്കൊടുക്കുകയും പണം വാങ്ങിക്കൊടുക്കുകയും ചെയ്ണംയ. ഇങ്ങനെ കാരുണ്യപ്രവര്‍ത്തനത്തിനു രശീതിയില്ലാതെ ലക്ഷങ്ങള്‍ ഇയാള്‍ പിരിച്ചെടുത്തിരുന്നു. ആഴ്ചയില്‍ 10,000 രൂപയെങ്കിലും പിരിക്കാത്തവരെ ഭീഷണിപ്പെടുത്തലും പതിവായിരുന്നു. ആദ്യം ചങ്ങനാശ്ശേരിയില്‍ തുടങ്ങിയ സംഘടന പിന്നീട് കുറ്റിപ്പുറം ആസ്ഥാനമാക്കി പുതിയ ഓഫീസ് 2020ല്‍ തുടങ്ങി. പിന്നീട് നിലമ്പൂരും മണ്ണാര്‍ക്കാടും ആലപ്പുഴയിലും മറ്റ് സ്ഥലങ്ങളിലും വിപുലമായി ഓഫീസുകളും പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. സംഘടനയില്‍ ചേര്‍ന്ന് കോവിഡ് കാലത്ത് പോലും പിരിവിനിറങ്ങിയ സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ തങ്ങളുടെ ചികിത്സാചെലവിനു ചെറിയതുക പോലും കിട്ടാതെയായപ്പോള്‍ സംശയം തോന്നി മറ്റുള്ളവരെ വിവരം അറിയിക്കുകയായിരുന്നു.
റിയാസിന്റെ ഭീഷണിക്ക് വഴങ്ങാത്ത ഇവരെയും കടം വീട്ടാന്‍ പണം ആവശ്യപ്പെട്ട പല മെമ്പര്‍മാരെയും ഇയാള്‍ സംഘടനയില്‍നിന്ന് പുറത്താക്കി. തന്റെ സില്ബന്ധികളെ മാത്രം നിലനിര്‍ത്തി. ഇയാള്‍ക്കെതിരേ നിരവധി പുതിയ പരാതികള്‍ കുറ്റിപ്പുറം പോലീസില്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്.