ജില്ലാ ആശുപത്രിയില്‍ എറ്റവും കൂടുതല്‍ രക്തദാനം നടത്തിയ സംഘടനക്കുള്ള പുരസ്കാരം
ഡിവൈഎഫ്ഐ സ്വന്തമാക്കി
കാഞ്ഞങ്ങാട്:ജില്ലാ ആശുപത്രിയിൽ എറ്റവും കൂടുതൽ രക്തദാനം നടത്തിയ സംഘടനക്കുള്ള പുരസ്കാരം ഡിവൈഎഫ്ഐ കാസറഗോഡ് ജില്ലാ കമ്മിറ്റിക്ക് ലഭിച്ചു. കഴിഞ്ഞ ഒരു വർഷക്കാലം നടത്തിയ പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം.
ഐ ഡൊണേറ്റ് (I Donate) എന്ന പേരിലാണ് രക്തദാന പ്രവർത്തനം ഡിവൈഎഫ്ഐ ഏറ്റെടുത്തു വരുന്നത്. എല്ലാ ദിവസങ്ങളിലും ആവശ്യം അനുസരിച്ചു രക്തദാനം നടത്തുന്നതിനു പുറമേ രക്തത്തിന് ക്ഷാമം നേരിടുന്ന ഘട്ടങ്ങളിൽ പ്രത്യേകമായി ക്യാമ്പുകളും സംഘടിപ്പിക്കാറുണ്ട്.
കോവിഡ് കാലത്ത് ബ്ലഡ് ബാങ്കിൽ കടന്നു ചെന്ന് രക്തം നൽകാൻ പലരും മടിച്ചു നിന്നപ്പോൾ പ്രവർത്തകർ ആ ദൗത്യം ഏറ്റെടുത്തുവെന്നും ജില്ലയിൽ ഡെങ്കി പനി വ്യാപകമായപ്പോഴും ഇതേ നിലയിൽ രക്തദാനം നടത്തിയിരുന്നു വെന്നും ഭാരവാഹികൾ പറഞ്ഞു.
വാക്സിനേഷന് മുമ്പായി യുവാക്കൾ രക്തദാനം നടത്തണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം അനുസരിച്ചു ഒരാഴ്ചക്കാലം നടത്തിയ ഡൊണേഷൻ ക്യാമ്പ് ശ്രദ്ധേയമായിരുന്നു.