കാസർകോട്: ജില്ലാ ആസൂത്രണ സമിതിയിലേക്ക് മൂന്ന് അംഗങ്ങളെ കൂടി തിരഞ്ഞെടുത്തു. നഗരസഭകളിൽ നിന്നുള്ള രണ്ട് പേരെയും പട്ടികജാതി, പട്ടിക വർഗം (വനിതാ വിഭാഗം) ഒരാളെയുമാണ് തിരഞ്ഞെടുത്തത്. ബുധനാഴ്ച കാസർകോട് നഗരസഭാ കോൺഫറൻസ് ഹാളിലായിരുന്നു തിരഞ്ഞെടുപ്പ്. വരണാധികാരിയായ ജില്ലാ കളക്ടർ ഡോ. ഡി. സജിത്ബാബു തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
നഗരസഭകളിൽ നിന്നുള്ള വനിതാ പ്രതിനിധിയായി കാഞ്ഞങ്ങാട് നഗരസഭയിലെ നജ്മ റാഫിയെയും ജനറൽ വിഭാഗത്തിൽ വി.വി. രമേശനെയുമാണ് തിരഞ്ഞെടുത്തത്. പട്ടികജാതി, പട്ടിക വർഗം (വനിതാ) വിഭാഗത്തിൽ കാസർകോട് നഗരസഭയിലെ റീത്തയാണ് തിരഞ്ഞെടുക്കപ്പെട്ടത്. പട്ടികജാതി, പട്ടിക വർഗ(വനിതാ) വിഭാഗത്തിൽ ജില്ലാ പഞ്ചായത്തിൽ നിന്നുമാണ് അംഗത്തെ തിരഞ്ഞെടുക്കേണ്ടിയിരുന്നത്. എന്നാൽ അവിടെ ഈ വിഭാഗത്തിൽ മത്സരിക്കാൻ ആളില്ലാത്തതിനാലാണ് നഗരസഭയിൽ നിന്ന് തിരഞ്ഞെടുത്തത്.
കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലെ അഞ്ചംഗങ്ങളെ തിരഞ്ഞെടുത്തിരുന്നു. നാല് വനിതാ അംഗങ്ങളുടെയും പട്ടികജാതി/പട്ടിക വർഗം(ജനറൽ)വിഭാഗത്തിൽ ഒരാളെയുമാണ് തിരഞ്ഞെടുത്തത്. ജില്ലാ പഞ്ചായത്തിലെ പത്തംഗങ്ങളെയാണ് ആസൂത്രണ സമിതിയിലേക്ക് തിരഞ്ഞെടുക്കേണ്ടത്. ബാക്കിയുള്ള ജനറൽ വിഭാഗത്തിലെ നാല് അംഗങ്ങളെ ജൂലൈ ഒമ്പതിന് ചേരുന്ന ജില്ലാ പഞ്ചായത്ത് യോഗത്തിൽ വെച്ച് തിരഞ്ഞെടുക്കും.