വനത്തിനുള്ളില്‍ കുടില്‍ കെട്ടി ചാരായം വാറ്റ്; മധ്യവയസ്കന് അറസ്റ്റില്‍
അടിമാലി: വനത്തിനുള്ളില്‍ കുടില്‍ കെട്ടി ചാരായം വാറ്റുന്നതിനിടെ മധ്യവയസ്കന് അറസ്റ്റില്‍. ഇരുമ്പുപാലം ഒഴുവത്തടം കരയില്‍ തൈപ്പറമ്പില്‍ ടോമി(48)യാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ പി.കെ. രഘുവും സംഘവും നടത്തിയ പരിശോധനയില്‍ വാറ്റുചാരായവും കോടയും വാറ്റുപകരണങ്ങളും കൈവശം വച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 80 ലിറ്റര്‍ കോടയും അഞ്ച് ലിറ്റര്‍ വാറ്റുചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. പഴമ്പിളളിച്ചാല് മുട്ടുകാനം വനത്തിനുള്ളിലാണ് ഇയാള്‍ ചാരായം വാറ്റിയിരുന്നത്. വന്യമൃഗങ്ങള്‍ ധാരാളമുള്ള വനത്തിനുള്ളില്‍ വിശാലമായ പാറപ്പുറത്ത് ടാര്‍പ്പായയും കാട്ടു കമ്പുകളും ഉപയോഗിച്ചാണ് ടോമി ചാരായം വാറ്റാന്‍ താത്ക്കാലിക ഷെഡ് നിര്‍മിച്ചിരുന്നത്. ഇവിടെ നിന്നാണ് ടോമിയെ അറസ്റ്റ് ചെയ്തത്.
ടോമി മുമ്പും പലതവണ വിവിധ തരം കേസുകളില്‍ ഉള്‍പ്പെട്ട പ്രതിയാണെന്ന് അധികൃതര്‍ പറഞ്ഞു. ഒരു ലിറ്റര്‍ ചാരായത്തിന് 1000 മുതല്‍ 1300 രൂപ വരെ വില ഈടാക്കിയാണ് പട്ടിക്കപ്പ്, പഴമ്പിള്ളിച്ചാല്‍ ഒഴുവത്തടം, പരിശക്കല്ല് ഭാഗങ്ങളില്‍ വില്‍പ്പന നടത്തി വരുന്നത്. മുമ്പും സമാന കേസുകളില്‍ പ്രതിയായിട്ടുള്ള ഇയാള്‍ ഉള്‍പ്രദേശത്തെ വനമേഖലയില്‍ ഒളിവില്‍ നിന്നാണ് ചാരായം വാറ്റിയിരുന്നത്്. ഇടുക്കി എക്സൈസ് ഇന്റലിജന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. റെയ്ഡില്‍ ഇന്‍സ്പെക്ടറോടൊപ്പം പ്രിവന്റീവ് ഓഫീസര്‍മാരായ പി.എച്ച്. ഉമ്മര്‍, കെ.എന്‍. അനില്‍
സി.ഇ.ഒമാരായ കെ.ബി. സുനീഷ് കുമാര്‍, എം.എസ്. ശ്രീജിത്്, ക്ലമന്റ് വൈ, എസ്.പി. ശരത്, ഐ.ബി. പ്രിവന്റീവ് ഓഫീസര്‍ കെ.കെ. സുരേഷ് കുമാര്‍ എന്നിവരും പങ്കെടുത്തു.