ജുഡീഷ്യറിയെ മോശമായ രീതിയിൽ ചിത്രീകരിച്ചു; മമതാ ബാനർജിക്ക് അഞ്ചു ലക്ഷം രൂപ പിഴ വിധിച്ച് കൊൽക്കത്ത ഹൈക്കോടതി
കൊൽക്കത്ത: ജഡ്ജിക്കെതിരെ ആക്ഷേപം ഉന്നയിച്ചതിന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് കൊൽക്കത്ത ഹൈക്കോടതി അഞ്ചു ലക്ഷം രൂപ പിഴ വിധിച്ചു. നന്ദിഗ്രാമില്‍ തന്നെ തോല്‍പ്പിച്ച സുവേന്ദു അധികാരിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കൗശിക് ചന്ദയെ ഒഴിവാക്കണമെന്ന മമതയുടെ ആവശ്യത്തിലാണ് കോടതി നടപടി.കേസ് ജസ്റ്റിസ് കൗശിക് ചന്ദയുടെ ബെഞ്ചില്‍നിന്നു മാറ്റണമെന്ന് മമതയുടെ അഭിഭാഷകന് ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് ചന്ദയെ ബി ജെ പി നേതാക്കള്‍ക്കൊപ്പം കാണാറുണ്ടെന്നും അഭിഭാഷകന് പറഞ്ഞു. ജുഡീഷ്യറിയെ മോശമായ രീതിയില്‍ ചിത്രീകരിക്കുന്നതാണ് മമതയുടെ നടപടിയെന്ന് ജസ്റ്റിസ് ചന്ദ പറഞ്ഞു. മമതയ്ക്ക് അഞ്ചു ലക്ഷം രൂപ പിഴ വിധിച്ച ജഡ്ജി കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറുകയാണെന്നും അറിയിച്ചു.തൃണമൂല്‍ പ്രവര്‍ത്തകര്‍ തന്നെ ബി ജെ പിയുമായി ബന്ധിപ്പിച്ചുകൊണ്ട് സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നതായും ജ്ഡജി പറഞ്ഞു. ബി ജെ പി സര്‍ക്കാരിന് കീഴില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആയിരുന്നയാളാണ് ജസ്റ്റിസ് ചന്ദയെന്ന് നേരത്തെ ആക്ഷേപങ്ങൾ ഉയർന്നിരുന്നു.