ജഡ്ജിമാരെ ഒരു ദിവസം ജയിലിട്ടാല്‍ ഉടനടി അടിയന്തര യോഗം ചേര്‍ന്ന് യു.എ.പി.എയില്‍ ജാമ്യം നല്‍കരുതെന്ന വ്യവസ്ഥ റദ്ദാക്കും; മുന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എസ്. സുദീപ്
തിരുവനന്തപുരം: മനുഷ്യാവകാശ പ്രവര്ത്തകന് ഫാ. സ്റ്റാന്‍ സ്വാമി മരണത്തില്‍ കോടതികള്‍ക്കും ജഡ്ജിമാര്‍ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എസ്. സുദീപ്. യു.എ.പി.എ. നിയമത്തിലെ ജാമ്യവ്യവസ്ഥകളെ ചോദ്യം ചെയ്തുകൊണ്ട് എസ്. സുദീപ് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചു.
ഇന്ത്യ പിന്തുടരുന്ന ക്രിമിനല്‍ നിയമ തത്വം അനുസരിച്ച് ഒരാള്‍ കുറ്റവാളിയെന്നു തെളിയിക്കപ്പെടുന്നത് വരെ അയാളെ നിരപരാധിയായി കണക്കാക്കണം. ആ തത്വത്തിനു വിരുദ്ധമായ വ്യവസ്ഥയാണ് യു.എ.പി.എ. നിയമത്തിലെ ജാമ്യത്തെ സംബന്ധിച്ച വകുപ്പെന്ന് എസ്. സുദീപ് പറയുന്നു.
ഈ വ്യവസ്ഥ പ്രകാരം കേസ് ഡയറി പ്രകാരമോ അന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരമോ പ്രതിക്കെതിരായ ആരോപണം പ്രഥമദൃഷ്ട്യാ സത്യമാണെന്നു കരുതാന്‍ തക്ക കാരണങ്ങളുണ്ടെങ്കില്‍ ജാമ്യം നല്കാന് പാടില്ല.
പ്രഥമദൃഷ്ട്യാ എന്നതില്‍ തെളിവും സാഹചര്യങ്ങളും ഒന്നും പെടുന്നില്ല. ആരോപണങ്ങളുടെ ആകെത്തുക മാത്രം നോക്കിയാല്‍ മതി. അതായത് പ്രതിക്കെതിരെ പ്രഥമദൃഷ്ട്യാ യു.എ.പി.എ. ആരോപണമുണ്ടെങ്കില്‍ ജാമ്യം നല്‍കരുത്. നിരപരാധിയായ ഒരാള്‍ വെളിച്ചം കാണരുതെന്ന് ഭരണകൂടം വിചാരിച്ചാല്‍ ഒരു യു.എ.പി.എ. ആരോപണം മാത്രം മതിയെന്നും അദ്ദേഹം പറഞ്ഞു.
നോണ്‍-ബെയ്ലബ്ള് കേസ് എന്നു പേരിട്ടാലും മറ്റു കേസുകളിലൊക്കെ കോടതിക്ക് ജാമ്യവേളയില്‍ വിവേചനാധികാരം ഉണ്ട്. എന്നാല്‍ യു.എ.പി.എയില്‍ മാത്രം ആരോപണം അതേപടി വിഴുങ്ങണം. ചുരുക്കിപ്പറഞ്ഞാല്‍ യു.എ.പി.എ. ആരോപണം ഉണ്ടെങ്കില്‍ ഏതു സുപ്രീം കോടതി വിചാരിച്ചാലും പ്രതി പുറംലോകം കാണില്ലെന്നും എസ്. സുദീപ് പറയുന്നു.
യു.എ.പി.എയിലെ ഇന്ത്യയുടെ ക്രിമിനല്‍ തത്വങ്ങള്‍ക്കെതിരായ ജാമ്യവ്യവസ്ഥയില്‍ മാറ്റം വരുത്താന്‍ കോടതികള്‍ ഇടപെടേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജഡ്ജിമാരെ ട്രെയ്നിംഗിന്റെ ഭാഗമായി ഒരു ദിവസം ജയിലിട്ടാല്‍ അവര്‍ അടിയന്തരയോഗം ചേര്‍ന്ന് യു.എ.പി.എയില്‍ ജാമ്യം നല്‍കുന്നതിനെതിരെയുള്ള വ്യവസ്ഥ റദ്ദ് ചെയ്യുമായിരുന്നെന്നും സുദീപ പറഞ്ഞു.
വിവേചനാധികാരം നീതിപൂര്‍വമായി പ്രയോഗിക്കാനും അര്‍ഹതപ്പെട്ടവനു ജാമ്യം നല്‍കാനും കഴിവില്ലെങ്കില്‍ എന്തിനാണ് കോടതി? അയാള്‍ മരിക്കുമ്പോള്‍ ഞെട്ടാന്‍ മാത്രമായി ഒരു കോടതി എന്തിനാണ്? യു.എ.പി.എ. നിയമത്തിലെ ജാമ്യം നല്‍കുന്നതിനെ തടയുന്ന വ്യവസ്ഥ ക്രിമിനല്‍ തത്വങ്ങള്‍ക്ക് എതിരാണെന്നു കണ്ട് റദ്ദാക്കാനും അര്‍ഹതപ്പെട്ടവനു ജാമ്യം നല്‍കാനും കഴിയാത്ത കോടതികള്‍ എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
മുംബൈ ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയില്‍ വെച്ചായിരുന്നു തിങ്കളാഴ്ച വൈകീട്ടോടെ ഫാ. സ്റ്റാന്‍ സ്വാമി അന്തരിച്ചത്. ഭീമാ കൊറേഗാവ് കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയായിരുന്നു അന്ത്യം. ജാമ്യ ഹരജിയില്‍ വാദം കേള്‍ക്കുന്നത് ബോംബെ ഹൈക്കോടതി ചൊവ്വാഴ്ച്ചത്തേക്ക് മാറ്റിയിരുന്നു.
ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്ന സ്റ്റാന്‍ സ്വാമിയുടെ ജാമ്യ ഹരജി അടിയന്തരമായി പരിഗണിക്കണമന്ന് ആവശ്യപ്പെട്ട് അഭിഭാഷകര്‍ തിങ്കളാഴ്ച രാവിലെ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
അറസ്റ്റിലായവരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്ന യു.എ.പി.എയിലെ വകുപ്പുകള്‍ക്കെതിരെ കഴിഞ്ഞ ദിവസം സ്റ്റാന്‍ സ്വാമി ഹരജി നല്‍കിയിരുന്നു. ആരോഗ്യകാരണങ്ങളെത്തുടര്‍ന്ന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ സ്റ്റാന്‍ സ്വാമി ഹരജി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യം നല്‍കുന്നതുമായി ബന്ധപ്പെട്ട 43 ഡി (5)വകുപ്പ് ചോദ്യം ചെയ്ത് വീണ്ടും ഹരജി സമര്‍പ്പിച്ചത്.
കുറ്റം തെളിയിക്കപ്പെടുന്നതുവരെ ആരോപണ വിധേയരായവരെ നിരപരാധികളായി കാണണമെന്നാണ് ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയുടെ അടിത്തറയെന്നും എന്നാല്‍ ഇത്തരം കടുത്ത നിയമങ്ങള്‍ അത് പാലിക്കുന്നില്ലെന്നും ഹരജിയില്‍ സ്റ്റാന്‍ സ്വാമി ചൂണ്ടിക്കാട്ടി.
മുബൈ തലോജ ജയിലില്‍ നിന്ന് സ്റ്റാന്‍ സ്വാമിയെ മെയ് 28നാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ഭീമ കൊറേഗാവ് ജാതി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ എട്ടിനാണ് സ്റ്റാന്‍ സ്വാമിയെ ജാര്‍ഖണ്ഡില്‍ വെച്ച് എന്‍.ഐ.എ. അറസ്റ്റ് ചെയ്യുന്നത്.