പോക്സോ കേസ് പ്രതിയെ സംരക്ഷിച്ചു; മാത്യു കുഴല്നാടന് എംഎല്‍എക്കെതിരെ അവകാശലംഘനത്തിന്
നോട്ടീസ്
തിരുവനന്തപുരം:തിരുവനന്തപുരം: പോക്സോ കേസ് പ്രതിയേയും സഹായിയായ യൂത്ത് കോൺഗ്രസ്സ് ജില്ലാ നേതാവിനെ സംരക്ഷിക്കുന്ന മുവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടനെതിരെ അവകാശലംഘന നോട്ടീസ്.
ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗവും കല്യാശ്ശേരി എംഎൽഎയുമായ എം വിജിൻ ആണ് മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ അവകാശലംഘനത്തിന് സ്പീക്കർക്ക് നോട്ടീസ് നൽകിയത്.
കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിർവ്വഹണവും സംബന്ധിച്ച് ചട്ടം 154 പ്രകാരമാണ് അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്.
എറണാകുളം ജില്ലയിലെ പോത്താനിക്കാട് പോലീസ് സ്റ്റേഷനിൽ 473 ക്രൈം നമ്പറിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പോക്സോ കേസിലെ ഒന്നാം പ്രതിയായ പോത്താനിക്കാട് ഇടശേരികുന്നേൽ റിയാസിനെ സംരക്ഷിക്കുകയും അയാൾക്കുവേണ്ടി മുൻകൂർ ജാമ്യാപേക്ഷ ഫയൽ ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ സ്പീക്കർ എം ബി രാജേഷിന് അവകാശലംഘനത്തിന് നോട്ടീസ് നൽകിയത്.
പ്രതിയെ പിന്തുണച്ചും സംരക്ഷിക്കുമെന്ന് പരസ്യമായി പറഞ്ഞും ഫേസ്ബുക്കിൽ പോസ്റ്റിടുകയും ചെയ്തത് ഒരു നിയമസഭാ അംഗം എങ്ങനെയൊക്കെ സഭയ്ക്ക് പുറത്ത് പെരുമാറണം എന്നുള്ള പെരുമാറ്റ ചട്ടങ്ങളുടെയും പൊതുവായ സദാചാര തത്വങ്ങളുടെയും ലംഘനമാണ്.
മാത്യു കുഴൽനാടൻ എംഎൽഎയുടെ ഈ പ്രവർത്തികൾ എംഎൽഎ പദവിക്ക് കളങ്കമായി തീരുകയും ഇതുവഴി അംഗങ്ങളുടെയും സഭയുടെയും അന്തസ്സിന് ഹാനി വരുത്തുകയും ചെയ്തെന്നും നോട്ടീസിൽ പറയുന്നു.
ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് സംസ്ഥാന വൈസ് പ്രസിഡൻ്റ് കൂടിയായ എം വിജിൻ എംഎൽഎ പരാതി നൽകിയത്.