കണ്ണൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു
പേരാവൂര്‍(കണ്ണൂര്‍): ചെറുവാഞ്ചേരി പൂവ്വത്തൂര്‍ പാലത്തിന് സമീപം കൊല്ലംകുണ്ട് പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു. മാനന്തേരി വണ്ണാത്തിമൂല ചുണ്ടയില്‍ ഹൗസില്‍ സി.സി. നാജിഷ് (22), പാലക്കൂല്‍ ഹൗസില്‍ പി. മന്‍സീര്‍ (26) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2:30-ഓടെയാണ് സംഭവം.
സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനെത്തിയതായിരുന്നു ഇരുവരും. കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇരുവരേയും നാട്ടുകാരാണ് കരക്കെത്തിച്ചത്. ഉടന്‍ പാട്യം സാമൂഹികാരോഗ്യ കേന്ദ്രത്തിലും പിന്നീട് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. നിസാര്‍ -തസ്നി ദമ്പതിമാരുടെ മകനാണ് നാജിഷ്.മട്ടന്നൂരിലെ ജ്വല്ലറി ജീവനക്കാരനാണ്. സഹോദരങ്ങള്‍: നകാശ്, നഹിയാന്‍.
മഹമ്മൂദ് -ഹാജിറ ദമ്പതിമാരുടെ മകനാണ് മന്‍സീര്‍. ഷഷ്ന ഏകസഹോദരിയാണ്. ഏതാനും മാസം മുമ്പാണ് വിദേശത്ത് നിന്നും എത്തിയത്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.