സാമ്പത്തിക ഇടപാടിലെ തർക്കം; ഓട്ടോഡ്രൈവറെ വിളിച്ചുവരുത്തി കൊലപ്പെടുത്തി, രണ്ട് പേർ അറസ്റ്റിൽ
കൊച്ചി: സാമ്പത്തിക ഇടപാടിന്റെ പേരിൽ ഓട്ടോറിക്ഷാ ഡ്രൈവറെ അടിച്ചുകൊന്ന സംഭവത്തിൽ പൊലീസുകാരനുൾപ്പടെ രണ്ട് പേർ പിടിയിൽ. കുന്നുംപുറം സ്വദേശി കൃഷ്ണകുമാറിനെയാണ് തിങ്കളാഴ്ച വൈകിട്ട് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പ്രതികളായ എ.ആർ ക്യാമ്പിലെ പൊലീസുകാരൻ ബിജോയ്, സുഹൃത്ത് ഫൈസൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തതായി ഡിസിപി ഐശ്വര്യ ഡോംഗ്രെ പറഞ്ഞു.കുന്നുംപുറം പീലിയോടിന് സമീപത്തെ പുഴയോരത്ത് മദ്യപിക്കുകയായിരുന്നു ബിജോയും ഫൈസലും കൂട്ടരും. ഇവിടേക്ക് കൃഷ്ണകുമാറിനെ വിളിച്ചുവരുത്തി. ശേഷം സാമ്പത്തിക ഇടപാടിനെ കുറിച്ച് സംസാരമുണ്ടാകുകയും വൈകാതെ തർക്കമാകുകയുമായിരുന്നു. തുടർന്ന് പ്രതികൾ കമ്പിവടിയെടുത്ത് കൃഷ്ണകുമാറിനെ അടിച്ച് കൊലപ്പെടുത്തി.കൃഷ്ണകുമാറിന്റെ കരച്ചിൽ കേട്ട് സമീപവാസികൾ ഓടിയെത്തിയപ്പോൾ പ്രതികൾ രക്ഷപ്പെട്ടു. പൊലീസ് എത്തി നോക്കുമ്പോഴേക്കും കൃഷ്ണകുമാർ മരിച്ചിരുന്നു. ബിജോയെയും ഫൈസലിനെയും കൂടാതെ മറ്റ് രണ്ട്പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ പ്രതികൾ സംഭവത്തിൽ ഇടപെട്ടിട്ടുണ്ടോ എന്നത് പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.