നാളെ ഒരു എല്‍ഡിഎഫ് എംഎല്‍എ ഞങ്ങളെ കുത്തിക്കൊന്നാല്‍ നിയമസഭയുടെ പ്രിവിലേജ് കിട്ടുമോ?വി.ഡി. സതീശന്
തിരുവനന്തപുരം: നിയമസഭയില്‍ ക്രിമിനല്‍ പ്രവര്‍ത്തനം നടത്തിയാല്‍ വിചാരണ നേരിടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. എംഎല്‍എമാര്‍ക്ക് എന്ത് പ്രിവിലേജാണ് ഉള്ളതെന്ന് ചോദിച്ച വി.ഡി. സതീശന് കേസ് പിന്‍വലിക്കാന്‍ ഗവണ്മെന്റിനെ അനുവദിച്ചാല്‍ നാളെ ഒരു എല്‍ഡിഎഫ് എംഎല്‍എ തങ്ങളെ ആരെയെങ്കിലും കുത്തിക്കൊന്നാല്‍ നിയമസഭയുടെ പ്രിവിലേജ് കിട്ടുമോയെന്നും ചോദിച്ചു. ഇന്ത്യയില്‍ ഒരു കോടതിയും സര്‍ക്കാരിന്റെ നിയമപരമല്ലാത്ത ആവശ്യം അംഗീകരിക്കുമെന്ന് തോനുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയില്‍ സംസാരിക്കുന്ന കാര്യങ്ങളുടെ പേരില്‍ കേസെടുക്കാന്‍ പാടില്ല എന്നതാണ് അംഗങ്ങള്‍ക്കുള്ള പ്രിവിലേജ്. നിയമസഭയ്ക്ക് ഉള്ളിലോ, പാര്‍ലമെന്റിലോ ഒരു ക്രിമിനല്‍ കുറ്റം ചെയ്താല്‍ അതിലെങ്ങനെയാണ് ഇളവ് കിട്ടുന്നത് ? അതിലെങ്ങനെയാണ് പ്രിവിലേജ് കിട്ടുന്നത് ? നിയമസഭയുടെ പൊതുസ്വത്ത് നശിപ്പിച്ചത് നിയമവിരുദ്ധമായ കാര്യമാണ്. അത് ക്രിമിനല്‍ കുറ്റമാണ്. അത് ക്രിമിനല്‍ കുറ്റമല്ല, അതിന് പ്രിവലേജുണ്ട് എന്ന് കോടതി തീരുമാനിച്ചാല്‍ നാളെ, ഒരാളെ കുത്തിക്കൊന്നാല്‍ ആ പ്രിവിലേജ് കിട്ടുമോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
കെ.എം. മാണി കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനാണെന്നും അദ്ദേഹത്തിന്റെ കുടുംബം അഴിമതിക്കാരാണെന്നും കൈക്കൂലിപ്പണം എണ്ണിത്തീര്‍ക്കാന്‍ സാധിക്കാതെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രം സൂക്ഷിച്ചിട്ടുണ്ടെന്നും പറഞ്ഞത് സിപിഎമ്മിന്റെ സംസ്ഥാന നേതാക്കന്മാരാണ്. അത് പിന്‍വലിക്കുന്നുണ്ടോ വിജയരാഘവന്. കെ.എം. മാണിയേക്കുറിച്ചും അദ്ദേഹത്തിന്റെ കുടുംബത്തെക്കുറിച്ചും ഉന്നയിച്ച ഗുരുതരവും അവഹേളനപരവുമായ ആരോപണം പിന്‍വലിച്ച് മാപ്പ് പറയാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി തയ്യാറുണ്ടോ ?
കെ.എം മാണിയെയാണ് തടഞ്ഞത്. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി നിയമസഭയിലേക്ക് വരുന്നതിനേയോ, മറ്റ് മന്ത്രിമാര്‍ സഭയിലേക്ക് കടന്നുന്നതിനെ അല്ലല്ലോ തടഞ്ഞത്? യുഡിഎഫിന്റെ എല്ലാ എംഎല്‍എമാരും എല്ലാ മന്ത്രിമാരും മുഖ്യമന്ത്രിയും വന്ന് സീറ്റിലിരുന്നു. ഞങ്ങളെ ആരെയും തടഞ്ഞില്ലല്ലോ ? തടഞ്ഞത് കെ.എം മാണിയെ മാത്രമാണ്. കെ.എം. മാണി എന്ന അഴിമതിക്കാരനെക്കൊണ്ട് ബജറ്റ് അവതരിപ്പിക്കാന്‍ സമ്മതിക്കില്ലെന്ന പ്രഖ്യാപനം നടത്തിയത് സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനാണ്. അന്ന് നടത്തിയ സമരം ഉള്‍പ്പെടെയുള്ളവ തെറ്റാണെന്ന് പറഞ്ഞ് മാപ്പ് പറഞ്ഞ് പിന്‍വലിക്കാന്‍ തയ്യാറാകട്ടെ ആദ്യമെന്നും വി.ഡി. സതീശന് പറഞ്ഞു.
സ്വന്തം പിതാവിനേയും കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രിയപ്പെട്ട നേതാവിനേയും സുപ്രീം കോടതിയില്‍ അപമാനിച്ചതിനും അവഹേളിച്ചതിനും ജോസ് കെ.മാണി നടപടി സ്വീകരിക്കട്ടെയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കെ.എം. മാണി എന്ന അഴിമതിക്കാരനെതിരായാണ് സമരം നടത്തിയതെന്ന് സുപ്രീം കോടതിയില്‍ പറഞ്ഞ എല്‍ഡിഎഫ് നേതൃത്വത്തിനെതിരായി എന്ത് നിലപാടാണ് കേരളാ കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്ന് കാത്തിരിക്കുകയാണ്. അത് അവര്‍ പറയട്ടെ. കെ.എം മാണിയെ അപമാനിച്ചിട്ടും തുടരുന്നത് ശരിയാണോ എന്ന് അവര്‍ ആത്മ പരിശോധന നടത്തട്ടെ എന്നും വി.ഡി. സതീശന് കൂട്ടിച്ചേര്‍ത്തു.