സത്യവാങ്മൂലത്തിൽ മാണിയുടെ പേര് പറഞ്ഞിട്ടില്ല, മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചു; എ.വിജയരാഘവൻ
തിരുവനന്തപുരം: കെ.എം മാണി അഴിമതിക്കാരനെന്ന സർക്കാർ സത്യവാങ്മൂലം മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. സർക്കാർ അഭിഭാഷകൻ സുപ്രീം കോടതിയിൽ മാണിയെ കുറ്റപ്പെടുത്തി ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മാധ്യമങ്ങൾ തെറ്റായ വാർത്ത നൽകിയതിൽ ദുരുദേശമുണ്ട്. ഇടതുമുന്നണിയിൽ ആശയക്കുഴപ്പമുണ്ടാക്കാനുള്ള ഗൂഢശ്രമങ്ങളുടെ ഭാഗമാണിതെന്നും വിജയരാഘവൻ പറഞ്ഞു.
സത്യവാങ്മൂലത്തിൽ കെ.എം മാണി എന്ന പേര് പറഞ്ഞിട്ടില്ല. കോടതിയിൽ നടന്ന ആശയവിനിമയം മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചുവെന്നും എ വിജയരാഘവൻ പറഞ്ഞു. കെ.എം മാണി ഏറെ പ്രവർത്തന പാരമ്പര്യമുള്ള, അനുഭവ സമ്പത്തുള്ള രാഷ്ട്രീയ നേതാവാണ്. ബാർ കോഴ ആരോപണങ്ങളിൽ കെ.എം മാണിക്ക് വ്യക്തിപരമായി ബന്ധമില്ലെന്ന് വിജിലൻസ് കണ്ടെത്തിയതാണെന്നും എ. വിജയരാഘവൻ പറഞ്ഞു. സുപ്രീം കോടതിയിലെ സർക്കാർ അഭിഭാഷകന്റെ നിലപാടിൽ കേരള കോൺഗ്രസ് ജോസ് വിഭാഗം അതൃപ്തി രേഖപ്പെടുത്തിയിരുന്നു.