ഗ്രേസ് മാർക്ക് നിഷേധിച്ചതിനെതിരെ വിദ്യാർത്ഥികൾ ഹൈക്കോടതിയിൽ; സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം
കൊച്ചി: 2020-21 വിദ്യാഭ്യാസ വർഷത്തെ ഗ്രേസ് മാർക്ക് നിഷേധിച്ചതിനെതിരെ വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചു. 2020-21 വിദ്യാഭ്യാസ വർഷം ഗ്രേസ്മാർക്ക് നൽകേണ്ടതില്ലെന്ന സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം. ഹർജിയിൽ അന്തിമ തീരുമാനം ഉണ്ടാകും വരെ സർക്കാർ ഉത്തരവിലെ തുടർനടപടികൾ സ്റ്റേ ചെയ്യണം. എൻസിസിയും സ്കൗട്ടിന്റെയും ഭാഗമായി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായ വിദ്യാർത്ഥികൾക്ക് പോലും ഗ്രേസ്മാർക്ക് നിഷേധിച്ചവെന്നാണ് ഹർജിക്കാരന്റെ വാദം. കോഴിക്കോട് കൊടിയത്തൂർ സ്വദേശി ഫസീഹ് റഹ്മാനാണ് ഹൈക്കോടതിയെ സമീപിച്ചത്.
കൊവിഡ് മൂലം കലാ-കായിക മത്സരങ്ങൾ അടക്കമുള്ള പാഠ്യേതര പ്രവർത്തനങ്ങൾ നടക്കാത്ത സാഹചര്യത്തിലായിരുന്നു സര്‍ക്കാര്‍ തീരുമാനം. വിദ്യാർത്ഥിയുടെ മുൻവർഷത്തെ സംസ്ഥാന തല മത്സരങ്ങളിലെ പ്രകടത്തിൻ്റെ ശരാശരി നോക്കി ഗ്രേസ് മാർക്ക് നൽകാമെന്ന എസ് സിഇആർടി ശുപാർശ സർക്കാർ തള്ളുകയായിരുന്നു. സ്കൗട്ട്, എൻസിസി, എൻഎസ്എസ് എന്നിവയിൽ അംഗങ്ങളായ വിദ്യാർത്ഥികൾക്കും ഗ്രേസ് മാർക്ക് നല്‍കേണ്ടെന്നായിരുന്നു തീരുമാനം. എന്നാൽ, ഇവർ കൊറോണ കാലത്ത് സേവനത്തിനെത്തിയിരുന്നുവെന്ന് അധ്യാപകർ പറയുന്നു.