പിഎസ്സി അംഗപദവിക്ക് 40 ലക്ഷം കോഴ! ആരോപണം ഉന്നയിച്ച ഇസി മുഹമ്മദിനെ പുറത്താക്കി ഐഎൻഎൽ
കോഴിക്കോട്: പിഎസ്സി അംഗപദവി 40 ലക്ഷം രൂപ കോഴ വാങ്ങി വിറ്റതായി ആരോപണ ഉന്നയിച്ച ഐഎൻഎൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇ സി മുഹമ്മദിനെ പാർട്ടി പുറത്താക്കി. കാരണം കാണിക്കൽ നോട്ടീസ് പോലും നൽകാതെയാണ് പുറത്താക്കൽ നടപടി. ദേശീയ നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ് നടപടിയെടുത്തതെന്നും ഇ.സി മുഹമ്മദിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ അറിയിച്ചു. ഒരു ചാനൽ ചർച്ചയിൽ അപകീർത്തികരമായ പരാമർശം ഉന്നയിച്ചെന്ന് കാണിച്ച് അഡ്വ. എ ജയശങ്കറിനെതിരെയും നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് ഐഎൻഎൽ.
40 ലക്ഷം രൂപ കോഴയുറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ പാർട്ടിക്ക് അനുവദിച്ച് നൽകിയ പിഎസ്സി അംഗത്വം വിറ്റതെന്നാണ് ഇ സി മുഹമ്മദിന്റെ ആരോപണം. സംസ്ഥാനസെക്രട്ടറിയേറ്റ് തീരുമാനിച്ചത് പ്രകാരം കോഴ നേതാക്കൾ കൈപ്പറ്റിയെന്നാണ് ആക്ഷേപം. എന്നാൽ ഇക്കാര്യം നിഷേധിച്ച ഐഎൻഎൽ, ആരോപണങ്ങൾക്ക് പിന്നിൽ മുസ്ലിം ലീഗ് ആണെന്നും ലീഗ് സമ്മർദ്ദത്തിന് വഴങ്ങിയാണ് ഇസി മുഹമ്മദ് ആരോപണമുന്നയിച്ചതെന്നുമാണ് പ്രതികരിച്ചത്.
അതിനിടെ ഐഎൻ എൽ നേതാക്കളോട് ബുധനാഴ്ച തിരുവനന്തപുരത്തെത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നേതാക്കളെ വിളിച്ച് വരുത്താൻ തീരുമാനം. പാർട്ടി ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, പ്രസിഡണ്ട് എപി അബ്ദുൾവഹാബ് എന്നിവരാണ് ബുധനാഴ്ച മുഖ്യമന്ത്രിയെ കാണുക.