മാേവായിസ്റ്റ് ബന്ധം ആരോപിച്ച് തടവിലാക്കിയ മനുഷ്യാവകാശ പ്രവര്ത്തകന് ഫാ.സ്റ്റാന്‍ സ്വാമി അന്തരിച്ചു
മുംബൈ: മാേവായിസ്റ്റ് ബന്ധം ആരോപിച്ച് തടവിലാക്കിയ മനുഷ്യാവകാശ പ്രവര്ത്തകന് ജസ്യൂട്ട് വൈദികന് സ്റ്റാന്‍ സ്വാമി അന്തരിച്ചു. 84 വയസ്സായിരുന്നു. ബാന്ദ്രയിലെ ഹോളി ഫെയ്ത്ത് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ഭീമ കൊറേഗാവ് കേസില്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതിന് തൊട്ടുമുന്‍പായിരുന്നു. മരണവാര്‍ത്ത ഞെട്ടലുണ്ടാക്കുന്നതാണെന്ന് ബോംബൈ ഹൈക്കോടതി പറഞ്ഞൂ.
സ്റ്റാന്‍ സ്വാമിയുടെ ഹര്‍ജി കോടതി പരിഗണിക്കാനെടുക്കവേയാണ് അദ്ദേഹത്തിന്റെ അഭിഭാഷകന് തന്നെ മരണവാര്‍ത്ത കോടതിയെ അറിയിച്ചത്. അദ്ദേഹത്തിന്റെ ചികിത്സയില്‍ അങ്ങേയറ്റം അനാസ്ഥ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായെന്നും കോവിഡ് പരിശോധന പോലും സമയത്ത് നടത്താന്‍ അധികൃതര്‍ തയ്യാറായില്ലെന്നും അഭിഭാഷകന് അറിയിച്ചു. അദ്ദേഹത്തിനുണ്ടായ നീതി നിഷേധത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അഭിഭാഷകന് ആവശ്യപ്പെട്ടു. എന്നാല്‍ എന്‍.ഐ.എ അഭിഭാഷകന് ഇതിനെ എതിര്‍ത്തതോടെ ഈ സാഹചര്യത്തില്‍ ആ വിഷയം പരിഗണിക്കുന്നില്ലെന്ന് കോടതി അറിയിച്ചു.
കടുത്ത പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഫാ.സ്റ്റാന്‍ സ്വാമിക്ക് ദൈന്യംദിന കാര്യങ്ങള്‍ ഒറ്റയ്ക്ക് ചെയ്യാന്‍ പോലും കഴിയില്ലായിരുന്നു. അതിനിടെ, തലോജ ജയിലില്‍ കഴിയവേ ആരോഗ്യനില മോശമായതോടെ ആശുപത്രിയിലേക്ക് മാറ്റാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. കോവിഡ് ബാധിക്കുകയും ചെയ്തതോടെ ശ്വാസതടസ്സം വരെ അനുഭവപ്പെട്ടിരുന്നു. ഓക്സിജന്റെ അളവ് കുറയും ചെയ്തിരുന്നു. ആളെ തിരിച്ചറിയാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ ആകുകയും ചെയ്തിരുന്നു. ഇന്നലെ മുതല്‍ വെന്റിലേറ്റര്‍ സഹായത്തോടെയായിരുന്നു ജീവന് നിലനിര്‍ത്തിയിരുന്നത്.
എന്‍.ഐ.എയും മഹാരാഷ്ട്ര സര്‍ക്കാരുമാണ് മരണത്തിന് ഉത്തരവാദികളെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചു. മേയിലാണ് സ്റ്റാന്‍ സ്വാമിയെ ആശുപത്രിയിലേക്ക മാറ്റിയത്. തുടര്‍ന്ന് അദ്ദേഹം തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു.
ജാര്‍ഖണ്ഡില്‍ ഖനന മാഫിയയുടെ ചൂഷണത്തിന് ഇരയാകുന്ന ആദിവാസികളുടെയും മറ്റ് ദുര്‍ബല വിഭാഗങ്ങളുടെ അവകാശത്തിനു വേണ്ടി പോരാടിയിരുന്ന സ്റ്റാന്‍ സ്വാമിയെ ഭീമ കൊറേഗാവ് കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട എല്‍ഗാര്‍ പരിഷദ് കേസിലാണ് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ എട്ടിന് എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. യുഎപിഎ കുറ്റം ചുമത്തി ജയിലില്‍ അടച്ച അദ്ദേഹത്തിന് എല്ലാ മനുഷ്യാവകാശങ്ങളും ലംഘിച്ചത് വിവാദമായിരുന്നു. അദ്ദേഹത്തിനെതിരെ ചുമത്തിയ കുറ്റങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യാജമായ തെളിവുകള്‍ അദ്ദേഹത്തിന്റെ കമ്പ്യുട്ടറില്‍ തിരുകികയറ്റിയതാണെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.