പാലിയേറ്റീവ് കെയറിൽ ഇനി
മരുന്നുകൾ കേടുകൂടാതെ സൂക്ഷിക്കാം;
പാലക്കുന്നിലെ വ്യാപാരി ഫ്രിഡ്ജ് നൽകി
പാലക്കുന്ന് : ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന പഞ്ചായത്ത് പാലിയേറ്റീവ് കെയർ വിഭാഗത്തിൽ മരുന്നുകൾ കേടാവാതെ സൂക്ഷിക്കാൻ സ്വന്തമായി ശീതീകരണ യന്ത്രം ലഭിച്ചു. പാലക്കുന്നിലെ പലചരക്കു വ്യാപാരിയും വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറിയുമായ എം.എസ്. ജംഷീദാണ് സ്വന്തം നിലയിൽ ഫ്രിഡ്ജ് നൽകിയത്. കോവിഡ് വാക്സിനെടുക്കാൻ പോയപ്പോൾ പാലിയേറ്റീവ് കെയറിൽ സ്വന്തമായി ഫ്രിഡ്ജ് ഇല്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചപ്പോൾ ജംഷീദ് അത് നൽകാൻ സന്നദ്ധനാവുകയായിരുന്നു.
ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മിക്ക് കൈമാറിയ ഫ്രിഡ്ജ് മെഡിക്കൽ ഓഫീസർ ഡോ. എം. മുഹമ്മദ് ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് ബാലകൃഷ്ണൻ, വാർഡ് അംഗങ്ങളായ സൈനബ അബൂബക്കർ, ഹാരിസ് അങ്കക്കളരി, ഹെൽത്ത് ഇൻസ്പെക്ടർ അജിത്കുമാർ, നേഴ്സ് ടി. ശ്രീജ, കാസിം പൈക്കത്തുവളപ്പ് എന്നിവർ സംബന്ധിച്ചു.