ആറ് വയസുകാരിയുടെ മരണം കൊലപാതകം; പ്രതി ,സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് തകർത്തഭിനയിച്ച അയല്‍വാസി
ഇടുക്കി .. ഇടുക്കി വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റിൽ ആറ് വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ്. കേസിൽ അയല്‍വാസിയായ യുവാവിനെ അറസ്റ്റ് ചെയ്തു. ചുരക്കുളം എസ്റ്റേറ്റില്‍ അര്ജുന് (21) ആണ് അറസ്റ്റിലായത്.
വീടിനുള്ളില്‍ വാഴക്കുല കെട്ടി ഇട്ടിരുന്ന കയറില്‍ പിടിച്ചുകളിച്ചു കൊണ്ട് ഇരിക്കവേ കഴുത്തിലുണ്ടായിരുന്ന ഷാള്‍ കുരുങ്ങിയാണ് കുട്ടി മരിച്ചതെന്നായിരുന്നു പൊലീസ് ആദ്യം കരുതിയിരുന്നത്. എസ്റ്റേറ്റ് തൊഴിലാളികളായ മാതാപിതാക്കള്‍ ജോലിക്കുപോയ സമയത്തായിരുന്നു സംഭവം. സഹോദരന് കവിന് ഈ സമയം വീട്ടിലുണ്ടായിരുന്നില്ല.
എന്നാൽ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ കുട്ടി ബലാത്സംഗത്തിനിരയായിട്ടുണ്ടെന്ന് മൊഴി നൽകിയതാണ് കേസിൽ നിർണായകമായത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സംശയം തോന്നിയ നാലുപേരെ കസ്റ്റഡിയിലെടുത്തു. മൂന്നുപേരെ വിട്ടയച്ചെങ്കിലും അയല്‍വാസിയായ അര്‍ജുനെ പൊലീസ് വീണ്ടും വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. കുട്ടിയെ അർജുൻ കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. പ്രതി നിരവധി തവണ കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ജൂൺ 30നാണ് ആറ് വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അർജുൻ പീഡിപ്പിക്കുന്നതിനിടെ കുട്ടി ബോധരഹിതയായി വീണു. കുട്ടി മരിച്ചെന്ന് കരുതിയ ഇയാള്‍ മുറിക്കുള്ളിലെ കയറില്‍ ഷാൾ കൊണ്ട് കെട്ടിത്തൂക്കുകയായിരുന്നു. കുട്ടിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ അർജുൻ പൊട്ടിക്കരഞ്ഞിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു.