കാസർകോട്: അങ്കണവാടി ജീവനക്കാര്‍ ഭവന സന്ദര്‍ശനം നടത്തി വിവരങ്ങള്‍ ശേഖരിക്കുന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതിയുടെ ഭാഗമായാണെന്നും ഇതുമായി ജനങ്ങള്‍ പൂര്‍ണ്ണമായി സഹകരിക്കണമെന്നും ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു പറഞ്ഞു. ദേശീയ പോഷകാഹാര പദ്ധതി (എന്‍.എന്‍.എം)പോഷണ്‍ അഭിയാന്- സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ അങ്കണവാടികള്‍ വഴിയുള്ള സേവനങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായാണ് വിവര ശേഖരണം നടത്തുന്നത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും മറ്റു പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിഭാഗങ്ങള്‍ക്കും നടപ്പാക്കുന്ന വിവിധ സാമൂഹിക ക്ഷേമ പദ്ധതികള്‍ കാര്യക്ഷമമാക്കുന്നതിനാണ് വിവര ശേഖരണം നടത്തുന്നത്. സര്‍ക്കാര്‍ സഹായങ്ങള്‍ ലഭിക്കുന്നതില്‍ അര്‍ഹരായ ആളുകള്‍ ഒഴിവാക്കപ്പെടുന്നതും അനര്‍ഹര്‍ ഗുണഭോക്താക്കളാവുന്നതും ഒരു പരിധി വരെ ഒഴിവാക്കാന്‍ ഇതിലൂയടെ സാധിക്കും. ജില്ലയിലെ മുഴുവന്‍ ആളുകളും സത്യസന്ധമായി വിവരങ്ങള്‍ നല്‍കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. തെറ്റായ വിവരങ്ങള്‍ നല്‍കുന്നതിലൂടെ സര്‍ക്കാര്‍ സഹായങ്ങള്‍ അനര്‍ഹരിലേക്ക് എത്താന്‍ സാധ്യതയുണ്ട്.
സര്‍വ്വേയില്‍ വീട്ടുനമ്പര്‍ ലഭിക്കാത്ത ആളുകളെയും ആധാര്‍കാര്‍ഡ് എടുക്കാത്ത ആളുകളെയും കണ്ടെത്തി വീട്ടുനമ്പര്‍ ലഭ്യമാക്കുന്നതിനും ആധാര്‍ എടുക്കുന്നതിനുമുള്ള പ്രത്യേക ക്യാമ്പുകളും സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
അങ്കണവാടികള്‍ മുഖേന ശേഖരിച്ച് ക്രോഡികരിച്ച് രജിസ്റ്ററുകളില്‍ സുക്ഷിക്കുന്ന വിവരങ്ങള്‍ ഇനി വിരല്‍തുമ്പില്‍ ലഭിക്കും. ഇവ പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. വിവര ശേഖരണത്തിന് ഐ.സി.ഡി.എസ് സി.എ.എസ് എന്ന ആപ് ആണ് ഉപയോഗിക്കുന്നത്. കേരളത്തില്‍ സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്. സ്മാര്‍ട് ഫോണ്‍, ബി.എസ്.എന്‍.എല്‍ കണെക്ഷന്, പവര്‍ ബാങ്ക്, ചാര്‍ജര്‍, ഹെഡ് സെറ്റ് എന്നിവ ഉള്‍പ്പെടെ ഒരു യൂണിറ്റിന് 10000 രൂപയോളം വില വരുന്നു. ഇതില്‍ 60 ശതമാനം കേന്ദ്ര ഗവണ്മെന്റ് 40 ശതമാനം കേരള ഗവര്‍മെന്റ് മാണ് വഹിക്കുന്നത്.
അങ്കണവാടി പരിധിയിലെ കുടുംബ വിശദാംശം, പ്രതിദിന ഭക്ഷണ വിതരണം, ഭവന സന്ദര്‍ശനം ആസൂത്രണ പട്ടിക, വളര്‍ച്ച നിരീക്ഷണം, പ്രതിരോധ കുത്തിവെപ്പ്, പ്രതിമാസ പുരോഗതി റിപ്പോര്‍ട്, കൗമാര പെണ്‍കുട്ടികള്‍ക്കുള്ള സമൂഹ്യധിഷ്ഠിത പരിപാടി എന്നിവ ആപ്പില്‍ സമാഹരിക്കും. ഈ 10 മൊഡ്യൂള്‍ വിവരങ്ങള്‍ അതതു സി.ഡി.പി.ഒ മാര്‍ക്കും സൂപ്പര്‍ വൈസര്‍മാര്‍ക്കും ലഭിക്കും. ഗുണഭോക്താക്കള്‍ക്ക് എസ്.എം.എസും ലഭിക്കും. ഇതു സംബന്ധിച്ച് അങ്കണവാടി വര്‍ക്കര്‍മാര്‍ക്കുള്ള ആദ്യ ഘട്ട പരിശീലനം പൂര്‍ത്തിയായി.
ജില്ലയില്‍ 1348 അങ്കണവാടികള്‍ക്കും ഇതിനായി സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്തിട്ടുണ്ട്. അങ്കണവാടി സേവനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സ്മാര്‍ട്ട് ഫോണുകളിലെ ഐ.സി.ഡി.എസ് സി.എ.എസ് എന്ന സോഫ്റ്റ് വെയറിലേക്ക് രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനായി അങ്കണവാടി ജീവനക്കാര്‍ ഭവന സന്ദര്‍ശനം നടത്തി വ്യക്തികളുടെ ആധാര്‍ വിവരങ്ങള്‍ സ്കാന്‍ ചെയ്ത് പ്രസ്തുത ഫോണിലേക്ക് അപ്ലോഡ് ചെയ്തു വരുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. അങ്കണവാടികള്‍ വഴി പൊതു സമൂഹത്തിന് ലഭിക്കുന്ന സേവനങ്ങള്‍ മെച്ചപ്പെടുത്താനുള്ള ഈ പ്രവര്‍ത്തനത്തില്‍ സംശയങ്ങള്‍ ഒഴിവാക്കി അങ്കണവാടി ജീവനക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുമായി എല്ലാവരും സഹകരിക്കണം.
ജില്ലാ കളക്ടര്‍ ഡോക്ടര്‍ ഡി. സജിത് ബാബുവിന്റെ ക്യാമ്പ് ഹൗസിലെത്തി വിവരങ്ങള്‍ ശേഖരിച്ചു കൊണ്ടാണ് വിവര ശേഖരണത്തിന് ജില്ലയില്‍ തുടക്കമിട്ടത്. ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലിം, ഐ.സി.ഡി.എസ് ജില്ലാ പ്രോജക്ട് ഓഫീസര്‍ കവിതാ റാണി, ഗ്രാമപഞ്ചായത്ത് മെമ്പര്‍ സദാനന്ദന്, ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍മാര്‍, അങ്കണവാടി ടീച്ചര്മാര് എന്നിവര്‍ പങ്കെടുത്തു.