മദ്രാസ് ഐ.ഐ.ടിയിലെ തുടരുന്ന ആത്മഹത്യകളും ജാതി വിവേചനവും; മലയാളി വിദ്യാർഥികൾ കടുത്ത പീഡനങ്ങൾക്ക് ഇരയാകുന്നു;കേരള സർക്കാർ ഇടപെടണം – കാംപസ് ഫ്രണ്ട്
കോഴിക്കോട്: മദ്രാസ് ഐ.ഐ.ടിയിൽ മലയാളി വിദ്യാർഥികൾ ജാതിവിവേചനമുൾപ്പെടെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഇരയാകുകയാണെന്നും വിഷയത്തിൽ കേരള സർക്കാർ ഇടപെടണമെന്നും കാംപസ് ഫ്രണ്ട് സംസ്ഥാന ട്രഷറർ എം ശൈഖ് റസൽ. മദ്രാസ് ഐ.ഐ.ടി അധികൃതരുടെ ജാതി വിവേചനവും ക്രൂരമായ നടപടികളും കാരണം മൂന്ന് വർഷത്തിനിടെ മൂന്ന് മലയാളി വിദ്യാർഥികളാണ് ആത്മഹത്യ ചെയ്തത്. ഈ അടുത്ത ദിവസമാണ് ഉണ്ണികൃഷ്ണൻ നായർ എന്ന വിദ്യാർഥിയെ ഹോക്കി ഗ്രൗണ്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 2018 സെപ്റ്റംബർ മാസം മലപ്പുറം സ്വദേശി വി.എസ് ഷഹൽ, 2019 ൽ കൊല്ലം സ്വദേശിനി ഫാത്തിമ ലത്തീഫ് എന്നിവരും കടുത്ത പീഢനങ്ങൾക്ക് വിധേയരായി ആത്മഹത്യ ചെയ്തിരുന്നു. ഫാത്തിമ ലത്തീഫിൻ്റെ മരണം സംബന്ധിച്ച സിബിഐ അന്വേഷണവും അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്.
കഴിഞ്ഞ വർഷം ദളിത് വിഭാഗങ്ങൾ താമസിക്കുന്ന പ്രദേശത്തുനിന്നും ക്യാമ്പസിലേക്ക് പ്രവേശിക്കാനുള്ള കൃഷ്ണ ഗേറ്റ് അധികൃതർ പൂട്ടിയിരുന്നു. വിദ്യാർഥികളെ പോലെതന്നെ ദളിത് അധ്യാപകരും കടുത്ത ജാതി വിവേചനങ്ങൾ നേരിടുന്നുണ്ട്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഹുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് വിഭാഗം അധ്യാപകൻ വിപിൻ ജാതിവിവേചനത്തെ തുടർന്ന് രാജിവെച്ചത്. മലയാളി വിദ്യാർത്ഥികൾ ധാരാളമായി പഠിക്കുന്ന മദ്രാസ് ഐ.ഐ.ടിയിൽ ആവർത്തിച്ചുവരുന്ന ജാതി വിവേചനങ്ങളും വിദ്യാർഥി – ആത്മഹത്യകളും ആശങ്കാജനകമാണ്. തുടർന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കേരള സർക്കാർ വിഷയത്തെ ഗൗരമായിക്കാണണമെന്നും അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്നും ശൈഖ് റസൽ ആവശ്യപ്പെട്ടു