മരണം സ്ഥിരീകരിച്ച് ആശുപത്രിക്കാർ പ്ലാസ്റ്റിക് ബക്കറ്റിലാക്കി കൊടുത്തുവിട്ട ചോരക്കുഞ്ഞിന് സംസ്കാര സമയം ജീവന്റെ തുടിപ്പ്
കുമളി: മരിച്ചെന്നു പറഞ്ഞ് പ്ലാസ്റ്റിക് ബക്കറ്റിലാക്കി ആശുപത്രിക്കാർ കൊടുത്തുവിട്ട ചോരക്കുഞ്ഞിന് വീട്ടിലെത്തിയപ്പോൾ ജീവന്റെ തുടിപ്പ്. 700 ഗ്രാം മാത്രം തൂക്കവുമായി, മാസം തികയാതെ പിറന്ന പെൺകുഞ്ഞിനെ ശവപ്പെട്ടിയിലാക്കി കണ്ണീരോടെ വീട്ടുകാർ നോക്കുമ്പോഴാണ് കുഞ്ഞിക്കൈകൾ അനങ്ങുന്നത് കണ്ടത്.
ഇതോടെ ആശുപത്രിയിലേക്ക് തിരിച്ചോടി. കുഞ്ഞിപ്പോൾ തേനി മെഡിക്കൽ കോളജ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
തമിഴ്നാട് പെരിയകുളം സ്വദേശിയായ പിളവൽ രാജിന്റെ ഭാര്യ ആരോഗ്യ മേരി ഇന്നലെ പുലർച്ചെ മൂന്നരയോടെയാണു കുഞ്ഞിനു ജന്മം നൽകിയത്. ഗർഭത്തിന്റെ ആറാം മാസമായിരുന്നു പ്രസവം.
രാവിലെ എട്ടരയോടെ ആശുപത്രി അധികൃതർ പിളവൽ രാജിനെ വിളിച്ച് കുട്ടി മരിച്ചു പോയതായി അറിയിച്ചു. മൂടിയുള്ള ഒരു പ്ലാസ്റ്റിക് ബക്കറ്റിലാക്കി കുഞ്ഞിനെ വീട്ടിലേക്കു കൊടുത്തുവിട്ടു. വീട്ടിലെത്തി കുഞ്ഞിനെ ബക്കറ്റിൽ നിന്നെടുത്തു സംസ്കാര ശുശ്രൂഷയ്ക്കു ശേഷം പെട്ടി അടയ്ക്കാൻ തുടങ്ങുമ്പോഴായിരുന്നു കൈകൾ ചലിച്ചത്.