കോവിഡ് വ്യാപനം അതി രൂക്ഷമായ ഉദുമയിൽ 7 വരെ കർശന നിയന്ത്രണം
പാലക്കുന്ന് : കോവിഡ് വ്യാപനം അതി രൂക്ഷമായ സാഹചര്യത്തിൽ ഉദുമ പഞ്ചായത്തിൽ ജൂലൈ 7 വരെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അവശ്യ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ പകൽ 11 മുതൽ വൈകീട്ട് 5 മണി വരെ മാത്രം.
ഞായറാഴ്ച്ച പെട്രോൾ പമ്പ് ഒഴികെയുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ പാടില്ല. ഓൺ ലൈൻ വ്യാപാരങ്ങളും നിരോധിച്ചു . അവശ്യ സർവീസ് ഒഴികെയുള്ള സർക്കാർ സ്ഥാപനങ്ങളും ബാങ്കുകളും അടച്ചിടും. ആവശ്യമായ യാത്ര രേഖകൾ ഇല്ലാതെ യാത്ര അനുവദിക്കില്ല. പഞ്ചായത്ത് പരിധിയിലെ ബസ് സ്റ്റോപ്പുകളിൽ ഒരിടത്തും ബസുകൾ നിർത്താൻ അനുവദിക്കില്ല.3,5,8 വാർഡുകൾ കണ്ടൈൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. ആരാധനാലയങ്ങൾ പ്രവർത്തിക്കാൻ പാടില്ല. ടൂറിസം, ഉല്ലാസയാത്രകൾ, ഇൻഡോർ ആയി നടത്തുന്ന പരിപാടികളും അനുവദിക്കില്ല. പൊതു ചടങ്ങുകൾ പാടില്ലെങ്കിലും 20ൽ കവിയാത്ത ആളുകളെ പങ്കെടുപ്പിച്ചു കൊണ്ട് വിവാഹ, ശവസംസ്കാര ചടങ്ങുകൾ അനുവദിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ എല്ലാവരും ഇതുമായി സഹകരിക്കണമെന്ന് പ്രസിഡന്റ് പി. ലക്ഷ്മി അറിയിച്ചു.