മലബാർ സിമന്റ്സിന്റെ നീലേശ്വരത്തെ ഓഫീസ് അടച്ചുപൂട്ടുന്നു
നീലേശ്വരം: പൊതുമേഖലാ സ്ഥാപനമായ മലബാർ സിമന്റ്സിന്റെ ജില്ലയിലെ ഏക ഓഫീസ് പ്രവർത്തനം അവസാനിപ്പിക്കുന്നു.
25 വർഷമായി നീലേശ്വരത്ത് പ്രവർത്തിക്കുന്ന ഓഫീസാണ് വേണ്ടെന്നു വെച്ചത്. ഇതു സംബന്ധിച്ച മാനേജിങ് ഡയറക്ടറുടെ ഉത്തരവ് ശനിയാഴ്ച ഇറങ്ങി.
ഒരാഴ്ച മുമ്പ് തന്നെ കെട്ടിടം ഉടമയ്ക്ക് ഇതു സംബന്ധിച്ച് കത്ത് ലഭിച്ചിരുന്നു. ജില്ലയിൽ സിമന്റിന്റെ കുതിച്ചുയരുന്ന വില അല്പമെങ്കിലും പിടിച്ചുനിർത്തി ആശ്വാസം പകരുന്നത് മലബാർ സിമന്റ്സിന്റെ സാന്നിധ്യമുള്ളതിനാലായിരുന്നു.
പ്രതിമാസം 4500 രൂപ വാടകയിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. ക്ലാർക്കും സഹായിയും ഉൾപ്പെടെ രണ്ട് ജീവനക്കാരാണ് നീലേശ്വരത്തെ ഓഫീസിലുള്ളത്. കോവിഡിനെ തുടർന്ന് കഴിഞ്ഞ ഒരുവർഷമായി ജില്ലയിൽ വാഗൺ വഴി സിമന്റ് എത്തിയിരുന്നില്ല. നീലേശ്വരം ഗുഡ്സ്ഷെഡിലെ കയറ്റിറക്ക് തൊഴിലാളികൾക്കും ഇതുവഴി വലിയരീതിയിലുള്ള തൊഴിൽനഷ്ടവുമുണ്ടായിട്ടുണ്ട്. സിമന്റിന്റെ ജില്ലയിലെ സംഭരണ ഡിപ്പോയുടെ പ്രവർത്തനം നാലുവർഷം മുമ്പ് അവസാനിപ്പിച്ചിരുന്നു. മറ്റ് സിമന്റ് കമ്പനികൾക്കെല്ലാം ജില്ലയിൽ സംഭരണ കേന്ദ്രങ്ങൾ ഉള്ളപ്പോഴാണ് മലബാർ സിമന്റ്സിന്റെ സംഭരണ കേന്ദ്രം ഒഴിവാക്കുന്നത്.
പ്രതികൂല സാഹചര്യത്തിലും ജില്ലയിൽ പ്രതിമാസം അരക്കോടിയിലേറെ രൂപയുടെ സിമന്റ് ജില്ലയിൽ മലബാർ സിമന്റ്സ് വില്പന നടത്തുന്നുണ്ട്. സഹകരണസ്ഥാപനങ്ങൾ ഉൾപ്പെടെ ജില്ലയിൽ 15 ഏജന്റുമാരാണ് മലബാർ സിമന്റ്സിനുള്ളത്. പത്തുവർഷം മുമ്പ് എളമരം കരീം വ്യവസായവകുപ്പ് മന്ത്രിയായിരുന്ന കാലത്തും ജില്ലയിലെ ഓഫീസ് പ്രവർത്തനം അവസാനിപ്പിക്കുന്നതിന് നീക്കം നടത്തിയിരുന്നു. ജില്ലയിലെ എംഎൽഎമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെയും വിതരണക്കാരായ സഹകരണ സംഘങ്ങളുടെയും പ്രതിഷേധത്തെ തുടർന്നായിരുന്നു നീക്കം ഉപേക്ഷിച്ചത്.