ടി പി കേസിലെ പ്രതി ‘അണ്ണൻ സിജിത്തിന്’ പരോളിൽ താലികെട്ട്, ചടങ്ങുകൾ നടന്നത് അതീവ രഹസ്യമായി , ചിത്രം പുറത്ത്
കണ്ണൂർ: ടി പി വധക്കേസിലെ ആറാം പ്രതി അണ്ണൻ സിജിത്തിന് പരോളിൽ താലികെട്ട്. കഴിഞ്ഞ ദിവസം നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ മേയിലാണ് സിജിത്ത് പരാേളിലിറങ്ങിയത്. അതിനുശേഷമാണ് വിവാഹം നിശ്ചയിച്ചത്.തലശ്ശേരിയിൽ വളരെ രഹസ്യമായിട്ടായിരുന്നു ചടങ്ങുകൾ സംഘടിപ്പിച്ചത്. സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ എത്തിയത്. ഇവർ വിവാഹ ഫോട്ടോ പുറത്തുവിടരുതെന്നും വിവാഹക്കാര്യം പുറത്തുപറയരുതെന്നും കർശന നിർദ്ദേശമുണ്ടായിരുന്നു. നേരത്തേ, ടി.പി വധക്കേസ് പ്രതികളായ മുഹമ്മദ് ഷാഫി, കിര്‍മാണി മനോജ് എന്നിവര്‍ പരോളിലിറങ്ങി വിവാഹം കഴിച്ചത് വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു നിർദ്ദേശം.മുഹമ്മദ് ഷാഫിയുടെ വിവാഹ ചടങ്ങില്‍ തലശ്ശേരി എം എല്‍ എ എ എന്‍ ഷംസീര്‍ പങ്കെടുത്തത് വൻ വിവാദമായിരുന്നു. ഷാഫിയുടെ മാതാപിതാക്കള്‍ വന്ന് ക്ഷണിച്ചതിനാലാണ് വിവാഹത്തില്‍ പങ്കെടുത്തതെന്നായിരുന്നു എം എല്‍ എ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്.കരിപ്പൂർ സ്വർണക്വട്ടേഷനിൽ ടി പി വധക്കേസ് പ്രതികൾക്കും ബന്ധമുണ്ടെന്നാണ് കസ്റ്റംസും അന്വേഷണ സംഘവും പറയുന്നത്. താൻ എല്ലാം ചെയ്തത് കൊടി സുനിയുടെയും മുഹമ്മദ് ഷാഫിയുടെയും അറിവോടെയും സഹായത്തോടെയുമാണെന്ന് സ്വർണ ക്വട്ടേഷൻ കേസിലെ പ്രധാന പത്രി അർജുൻ ആയങ്കി കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.