കാമുകനെ കുറിച്ച് രേഷ്മ സൂചിപ്പിച്ചിരുന്നു, ഗർഭിണിയാണെന്ന് അറിഞ്ഞില്ല; നിർണായക വെളിപ്പെടുത്തലുമായി ഭർത്താവ്
കൊല്ലം: കരിയില കൂനയിൽ ഉപേക്ഷിച്ച നവജാത ശിശു മരിച്ച സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി പ്രതി രേഷ്മയുടെ ഭർത്താവ് വിഷ്ണു. അനന്തു എന്ന കാമുകനെക്കുറിച്ച് രേഷ്മ സൂചിപ്പിച്ചിരുന്നുവെന്നും, ഇതേച്ചൊല്ലി വീട്ടിൽ വഴക്ക് പതിവായിരുന്നുവെന്നും യുവാവ് പറഞ്ഞു.’മുൻപ് ഫേസ്ബുക്ക് അക്കൗണ്ടിന്റെ പേരിൽ ഞാനും അവളും തമ്മിലൊരു വിഷയം നടന്നിരുന്നു. ചോദിച്ചപ്പോൾ അനന്തു എന്ന പേര് മാത്രം പറഞ്ഞു. ഇതോടെ ഞാൻ സിം ഒടിച്ചുകളഞ്ഞിരുന്നു. ‘- വിഷ്ണു പറഞ്ഞു. രേഷ്മ ഗർഭിണിയാണെന്ന് താൻ അറിഞ്ഞിരുന്നില്ലെന്നും യുവാവ് കൂട്ടിച്ചേർത്തു.
ഇനി രേഷ്മയെ സ്വീകരിക്കാൻ തനിക്കാവില്ലെന്നും വിഷ്ണു വ്യക്തമാക്കി. അതേസമയം ഗ്രീഷ്മയെയും ആര്യയേയും സംശയിച്ചിരുന്നില്ലെന്നും, ഇവർ കുഞ്ഞിനെ കൊല്ലാൻ നിർദേശിക്കുമെന്ന് കരുതുന്നില്ലെന്നും യുവാവ് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.ഫേസ്ബുക്ക് കാമുകന്റെ നിർദേശ പ്രകാരമാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് രേഷ്മ നേരത്തെ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. അനന്തു എന്ന ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി ബന്ധുക്കളായ ആര്യയും ഗ്രീഷ്മയുമാണ് രേഷ്മയെ കബളിപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.ഭർത്തൃസഹോദരന്റെ ഭാര്യയായ ആര്യയുടെ പേരിലുള്ള സിം കാർഡാണ് രേഷ്മ ഉപയോഗിച്ചിരുന്നത്. യുവതി അറസ്റ്റിലായതിന് പിന്നാലെ പൊലീസ് ആര്യയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ആര്യയേയും ഗ്രീഷ്മയേയും ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസുമായി ഒരു തരത്തിലുള്ള ബന്ധവുമില്ലാത്ത ഗ്രീഷ്മയെ ആര്യ എന്തിനാണ് മരിക്കാൻ ഒപ്പം കൂട്ടിയത് എന്നതടക്കമുള്ള ചോദ്യങ്ങൾ ഉയർന്നിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഫേസ്ബുക്ക് അക്കൗണ്ട് ഇരുവരും ചേർന്നാണ് ഉണ്ടാക്കിയതെന്ന് കണ്ടെത്തിയത്.