ശവപ്പെട്ടി വാങ്ങിവന്ന് കുഴി വെട്ടിത്തുടങ്ങിയപ്പോള്‍ നാട്ടുകാര്‍ക്ക് സംശയം, പോലീസെത്തിയപ്പോള്‍ തറയില്‍ വാഴയിലയില്‍ മരിച്ചു കിടക്കുന്ന അമ്മ, കഴുത്തുഞെരിച്ചു കൊന്നത് മകന്
വിഴിഞ്ഞം: മദ്യത്തിനടിമയായ മകന് അമ്മയെ കഴുത്തുഞെരിച്ചു കൊന്നു. പൂവാര്‍ – പാമ്പുകാല ഊറ്റുകുഴിയില്‍ പാലയ്യന്റെ ഭാര്യ ഓമന (75) യാണ് കൊല്ലപ്പെട്ടത്. മകന് വിപിന്‍ദാസ് (39) നെ കസ്റ്റഡിയിലെടുത്തു.
റിട്ട. മിലിട്ടറി ഉദ്യോഗസ്ഥനാണ് വിപിന്‍ ദാസ്. ജൂലൈ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. ഉച്ചയോടെ ശവപ്പെട്ടിയുമായി വീട്ടിലെത്തിയതു കണ്ട അയല്‍വാസികള്‍ കാര്യം തിരക്കിയെങ്കിലും മദ്യപാനിയും പ്രശ്നക്കാരനുമായ വിപിന്‍ദാസ് ഇവരെ വിരട്ടിയോടിച്ചു.
വീടിനോട് ചേര്‍ന്നുള്ള പറമ്പില്‍ കുഴിവെട്ടുന്നത് കണ്ട് നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പൂവാര്‍ പോലീസ് സ്ഥലത്തെത്തി വീട് പരിശോധിച്ചപ്പോഴാണ് തറയില്‍ നിവര്‍ത്തിയിട്ട വാഴയിലയില്‍ ഓമന മരിച്ചു കിടക്കുന്നത് കണ്ടത്. സംശയം തോന്നിയ പോലീസ് മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റുേമാര്‍ട്ടത്തില്‍ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിയാണ് മരണമെന്ന് വ്യക്തമായി. വയറിലും നെഞ്ചിലും ക്ഷതമേറ്റ പാടുകളും ഉണ്ടായിരുന്നു. തുടര്‍ന്ന് വിപിനെ കസ്റ്റഡിലെടുകയായിരുന്നു.
കമുകിന്‍കോട് സെന്റ് മേരീസ് സ്കൂളിലെ റിട്ട. അധ്യാപികയായിരുന്ന ഓമന ഇളയ മകനായ വിപിനോടൊപ്പം വീട്ടില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. അഞ്ച് വര്‍ഷം മുമ്പ് മിലിട്ടറിയില്‍നിന്നു റിട്ടയര്‍മെന്റ് വാങ്ങി വന്ന വിപിന്‍ അവിവാഹിതനാണ്. ഓമനയുടെ മൂത്തമകന് ആരോഗ്യ വകുപ്പ് ജീവനക്കാരനായ ചന്ദ്രദാസ് ഇവരുമായി രമ്യതയിലല്ലാതായിട്ട് വര്ഷങ്ങളായതായി സമീപവാസികള്‍ പറഞ്ഞു. കൂട്ടുകാരെയും കൂട്ടി സ്ഥിരമായി വീടിനുള്ളില്‍ മദ്യപാനവും മറ്റ് പല നടപടികളും പതിവാക്കിയ വിപിന്‍ദാസ് അമ്മയെ സ്ഥിരമായി മര്‍ദിക്കാറുള്ളതായി അയല്‍വാസികള്‍ പറയുന്നു.
അമ്മയുടെ പെന്ഷന് തുകപിടിച്ചു വാങ്ങി ധൂര്‍ത്തടിക്കുന്ന മകന്റെ നിലപാടുകള്‍ ചോദ്യം ചെയ്തതായിരിക്കാം അമ്മയെ വക വരുത്താന്‍ തീരുമാനിച്ചതിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ ഉച്ചയോടെ വീട്ടിലെത്തിച്ച മൃതദേഹം വീട്ടുവളപ്പില്‍ അടക്കം ചെയ്തു.